തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടത്തിൽ തന്നെ പൂര്‍ത്തിയാക്കാനുള്ള സാധ്യത തേടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തിയാൽ സുരക്ഷ ഒരുക്കാൻ കഴിയുമോ എന്ന് പൊലീസിനോട് ആരായും. ഇക്കാര്യത്തിൽ ഡിജിപിയുമായി കൂടിക്കാഴ്ച നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.  തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന താൽപര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എങ്കിലും സുരക്ഷാ കാര്യങ്ങളിൽ പൊലീസ് തടസം പറഞ്ഞാൽ മാത്രമെ മറിച്ചൊരു തീരുമാനം ഉണ്ടാകു. 

ഡി ജിപിയുമായുള്ള കൂടിക്കാഴ്ച്ച ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ നടക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു അവസരം കൂടി നൽകാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.  കൊവിഡ് കാരണം വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ അവസരം കിട്ടിയില്ലെന്ന പരാതികൾ പരിഗണിച്ചാണ് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്.  തീയതി ഉടൻ പ്രഖ്യാപിക്കും