സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചയ്ക്ക് ശേഷം.
തിരുവനന്തപുരം: സംസ്ഥാനത്ത് കോർപ്പറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റികളിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്. മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്.
സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവർക്ക് വോട്ടവകാശമുണ്ടാവില്ല. സംസ്ഥാനത്ത് കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് മേയർ വരും. തിരുവനന്തപുരത്ത് ഇതാദ്യമായി അധികാരം പിടിച്ച ബിജെപിക്കാണ് മേയർ പദവി. കോഴിക്കോട് മാത്രമാണ് എൽഡിഎഫിന് മേയറുണ്ടാവുക.
വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർത്ഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാൾ പിൻതാങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിർദേശം ചെയ്യുകയോ പിൻതാങ്ങുകയോ ചെയ്യേണ്ടതില്ല. രണ്ടിലേറെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ അതിൽ ഒരാൾക്ക് മറ്റെല്ലാ സ്ഥാനാർത്ഥികൾക്കും കൂടി ആകെ ലഭിച്ചതിനേക്കാൾ കൂടുതൽ വോട്ട് കിട്ടിയാൽ വിജയിയായി പ്രഖ്യാപിക്കും. ഇല്ലെങ്കിൽ കുറഞ്ഞ വോട്ട് നേടുന്നവരെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും.
തിരുവനന്തപുരം കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി
തിരുവനന്തപുരം കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷ ഉറപ്പിച്ച് ബിജെപി. സ്വതന്ത്രൻ പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ നൂറംഗ കൗൺസിലിൽ അൻപത് കൗൺസിലർമാരുളള ബിജെപിക്ക് ഇതോടെ 51 പേരുടെ പിന്തുണയായി. വി വി രാജേഷാണ് ബിജെപിയുടെ മേയർ സ്ഥാനാർത്ഥി. ജി എസ് ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി. മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കുന്നുണ്ട്. ആർ പി ശിവജി ഇടതുമുന്നണിക്കായും കെ എസ് ശബരീനാഥൻ യുഡിഎഫിനായും മത്സരിക്കും. എൽഡിഎഫിന് 29ഉം യുഡിഎഫിന് 19ഉം അംഗങ്ങളാണുളളത്. മറ്റൊരു സ്വതന്ത്രൻ സുധീഷ് കുമാർ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.



