Asianet News MalayalamAsianet News Malayalam

സ്വകാര്യവത്കരണത്തിന് പിന്തുണ; പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്സേചേഞ്ച് റേറ്റില്‍ വ്യാവസായിക, വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം.

electricity regulatory commission new draft tariff rates out
Author
Trivandrum, First Published Aug 20, 2021, 7:08 AM IST

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖലയിലെ സ്വകാര്യവത്കരണത്തെ, അനുകൂലിച്ച് സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ പുതിയ താരിഫ് നയത്തിന്‍റെ കരട് പുറത്തിറക്കി. കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥ വൈദ്യുതി ബോര്‍ഡിന്‍റെ നിലവില്‍പ്പിന് തന്നെ വെല്ലുവിളിയാകും. കേന്ദ്ര വൈദ്യുതി നിയമഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണപ്രതിപക്ഷ കക്ഷികള്‍ ഒരുപോലെ പ്രതിഷേധിക്കുമ്പോഴാണ്, പുതിയ താരിഫ് നയം ഒരുങ്ങുന്നത്. 

സംസ്ഥാന വൈദ്യുതി ബോര്‍ഡിനു പുറമേ, സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുമുതി നല്‍കുന്നതാണ് കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ. കഴി‍ഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഈ ബില്ല് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തില്‍ നടന്നില്ല. ബില്ലിനെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ കേരളം രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് സ്വകാര്യവ്തകരണത്തിന് അനുകൂല നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് നയം പുറത്ത് വന്നിരിക്കുന്നത്. 

കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്സേചേഞ്ച് റേറ്റില്‍ വ്യാവസായിക, വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഈബി സബ്സിഡിയായി നല്‍കുന്നത്. ഇത് നിലക്കുന്നതോടെ ഗാര്‍ഹിക നിരക്ക് കുത്തനെ ഉയര്‍ത്തേണ്ടി വരും.

പുതിയ താരിഫ് നയത്തില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അടുത്തമാസം ആദ്യം പൊതുജനാഭിപ്രായം തേടും. അന്തിമ തീരുമാനം എന്താകും എന്ന ആകാംക്ഷയിലാണ് കെഎസ്ഇബിയും ഉപഭോക്താക്കളും.

Follow Us:
Download App:
  • android
  • ios