തൃശ്ശൂർ: കാറളം കുഞ്ഞാലക്കാട്ടിൽ ക്ഷേത്രത്തിൽ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ പാപ്പാൻ കൊല്ലപ്പെട്ടു. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞതും അപകടമുണ്ടാക്കിയതും. പാപ്പാന്‍ നന്ദന്‍ (40) ആണ് കൊല്ലപ്പെട്ടത്. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം സ്വദേശിയാണ് കൊല്ലപ്പെട്ട നന്ദന്‍. 

ഉത്സവത്തിനായി എത്തിച്ച ആന എഴുന്നള്ളിപ്പിനിടെ ഇടയുകയായിരുന്നു. ഈ സമയം ആനയ്ക്കൊപ്പം നടക്കുകയായിരുന്നു പാപ്പാന്‍ നന്ദന്‍ ആനയുടെ കാലുകള്‍ക്കിടയില്‍ കുടുങ്ങി പോകുകയായിരുന്നു. ക്ഷേത്രപരിസരത്ത്  നിന്നും പ്രദേശത്തുള്ള വാഴത്തോപ്പിലേക്ക് ഓടികേറിയ ആന വാഴകൃഷി മുഴുവനായും നശിപ്പിച്ചു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കുവെടിവെച്ചാണ് ആനയെ തളച്ചത്.