രണ്ട് മാസം മുൻപ് തെരുവുനായ കുരച്ച് മുന്നിൽ ചാടിയപ്പോഴും സമാനമായ നിലയിൽ വെൺമണി നീലകണ്ഠൻ വിരണ്ടോടി വാഹനങ്ങൾ തകർത്തിരുന്നു
കോന്നി: അർധരാത്രിയിൽ ചങ്ങല പൊട്ടിച്ചോടിയ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് വാഹനങ്ങൾ തകർത്തു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ തോട്ടത്തിൽ തളച്ചിരുന്ന നീലകണ്ഠൻ(40) എന്ന ആനയാണ് വിരണ്ടോടിയത്. എലിയറയ്ക്കൽ – കല്ലേലി റോഡിൽ നിന്ന് അക്കരക്കാലാപ്പടിക്കു സമീപത്തെ പുളിഞ്ചാണി റോഡിലൂടെയായിരുന്നു ആനയുടെ ഓട്ടം.
എലിയറയ്ക്കൽ – കല്ലേലി റോഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും സ്കൂട്ടറും തകർത്ത ആന പിന്നീട് തേക്കുതോട്ടംമുക്ക്, വെണ്മേലിപ്പടി വഴി മാരൂർപാലത്ത് എത്തി. ഈ വഴിയിലൂടെയുള്ള ഓട്ടത്തിനിടെ ഒരു കാറാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. ചൈനാമുക്കിൽ ഒരു കാറും മഠത്തിൽകാവിൽ ഓട്ടോറിക്ഷയും ബൈക്കും തകർത്ത് വീണ്ടും മരൂർപ്പാലത്തെത്തി. തുടർന്ന് ഐരവൺ പുതിയകാവ് ക്ഷേത്രത്തിന്റെ എതിർവശത്ത് എത്തി.
ഈ സമയമത്രയും ആനയുടെ പാപ്പാൻ സ്ഥലത്തുണ്ടായിരുന്നില്ല. പാപ്പാൻ അരുവാപ്പുലം മിച്ചഭൂമിയിൽ മനുവിനെ പൊലീസ് കണ്ടെത്തി കൊണ്ടു വന്ന ശേഷമാണ് ആനയെ തളയ്ക്കാനായത്. രാത്രിയായതിനാൽ ആന എങ്ങോട്ടു പോയി എന്നോ എവിടെയാണെന്നോ കണ്ടെത്താൻ കഴിയാതെ വന്നതാണ് പരിഭ്രാന്തിക്ക് ഇടയായത്. സംഭവത്തിൽ വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗം അന്വേഷണം നടത്തി ഡപ്യൂട്ടി കൺസർവേറ്റർക്ക് റിപ്പോർട്ട് നൽകും.
ആന ഇപ്പോൾ വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടുമാസം മുൻപും നീലകണ്ഠൻ വിരണ്ടോടിയിരുന്നു. മാർച്ച് ഒൻപതിനാണ് പന്തളം നരിയാപുരത്ത് വച്ച് ആന വിരണ്ടോടിയത്. കാറുകളും മതിലുകളും തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ പിന്നീട് തളച്ചു. പുലർച്ചെ 4ന് ആയിരുന്നു സംഭവം. ഉത്സവത്തിനു ശേഷം നരിയാപുരത്ത് എത്തിച്ചപ്പോൾ തെരുവുനായ കുരച്ചുകൊണ്ട് കുറുകെ ചാടിയതാണ് ആന വിരണ്ടോടാൻ കാരണമായത്. വനമേഖലയായതിനാൽ കാട്ടുപന്നിയെയോ മറ്റോ കണ്ടതാവാം ആന അക്രമാസക്തനാകാൻ കാരണമെന്നു കരുതുന്നു.
