ഔദ്യോഗിക കൂടിക്കാഴ്ചയോ വിശദ ചര്‍ച്ചയോ നടന്നിട്ടില്ലെന്നും നാട്ടില്‍ വച്ച് സംസാരിക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും ജോസ് വിശദീകരിച്ചു.

തിരുവനന്തപുരം: ഫിഷറീസ് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മയെ ന്യൂയോര്‍ക്കില്‍ വച്ച് കണ്ടിരുന്നതായി അമേരിക്കന്‍ കമ്പനി ഇഎംസിസിയുടെ വൈസ് പ്രസിഡന്‍റ് ജോസ്. ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള പദ്ധതിയെക്കുറിച്ച് ന്യൂയോര്‍ക്കില്‍ വച്ച് പ്രാഥമികമായി സംസാരിച്ചെന്നാണ് ജോസ് പറയുന്നത്. എന്നാല്‍ ഔദ്യോഗിക കൂടിക്കാഴ്ചയോ വിശദ ചര്‍ച്ചയോ നടന്നിട്ടില്ലെന്നും നാട്ടില്‍ വച്ച് സംസാരിക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും ജോസ് വിശദീകരിച്ചു. പദ്ധതി പ്രയോജനമുള്ളതെങ്കില്‍ നടപ്പാക്കാമെന്നും മന്ത്രി പറഞ്ഞതായി ജോസ് പറഞ്ഞു.

എന്നാല്‍ ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞത്. ഒരു കമ്പനി പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. 5000 കോടിയുടെ പദ്ധതിയുടെ ഒരുഫയലും മുന്നിലെത്തിയിട്ടില്ല. കെഎസ്ഐഎന്‍സി എംഡിയാണ് ധാരണാപത്രം ഒപ്പിട്ടത്. കപ്പലുണ്ടാക്കി കൊടുക്കാന്‍ ധാരണാപത്രം ഒപ്പിടാന്‍ എംഡിക്ക് ആവില്ല. വിദേശ ട്രോളറുകളെ കേരള തീരത്ത് മീന്‍പിടുത്തത്തിന് അനുവദിക്കില്ല. അതാണ് സര്‍ക്കാരിന്‍റെ നയം, അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മന്ത്രി പറഞ്ഞു.