Asianet News MalayalamAsianet News Malayalam

മേലുദ്യോഗസ്ഥനോട് വൈരാഗ്യം; കോഴിക്കോട് റെയില്‍ സിഗ്നല്‍ താറുമാറാക്കി രണ്ട് ജീവനക്കാര്‍, പിരിച്ചുവിട്ടു

ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അ‍ഞ്ചിടത്തായിരുന്നു പ്രതികൾ സിഗ്നല്‍ വയറുകൾ മുറിച്ചുമാറ്റിയത്. സിഗ്നല്‍ വയറുകൾ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു. 

employees disrupted railway signal in farook
Author
Kozhikode, First Published Nov 11, 2021, 3:55 PM IST

കോഴിക്കോട്: മേലുദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാന്‍ റെയില്‍വേ സിഗ്നല്‍ (rail signal) വയറുകൾ മുറിച്ച് തീവണ്ടി ഗതാതം താറുമാറാക്കിയ രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ ജീവനക്കാരായിരുന്ന പ്രവീൺരാജ്, വയനാട് ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് ഗുരുതരമായ ചട്ടലംഘനം വ്യക്തമായതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇവർക്കെതിരെ ആർപിഎഫ് രജിസ്റ്റർ ചെയ്ത കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ മാർച്ച് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

ഫറോക്കിനും വെള്ളയിലിനും ഇടയിലെ റെയില്‍പാളങ്ങളില്‍ അ‍ഞ്ചിടത്തായിരുന്നു പ്രതികൾ സിഗ്നല്‍ വയറുകൾ മുറിച്ചുമാറ്റിയത്. സിഗ്നല്‍ വയറുകൾ പരസ്പരം മാറ്റി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് റെയില്‍വേ സിഗ്നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗം സീനിയർ ഡിവിഷണല്‍ ഓഫീസർ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇരുവരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുളള തീരുമാനം.  ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം നല്‍കി. കോഴിക്കോട് റെയില്‍വേ സിഗ്നല്‍ സീനിയർ എഞ്ചിനീയറോടുള്ള വിരോധം തീർക്കാനാണ് പ്രതികൾ സിഗ്നലുകൾ താറുമാറാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 

ഇതുകാരണം മൂന്ന് മണിക്കൂറിലധികമാണ് ഈ മേഖലയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ചരക്കുതീവണ്ടികളടക്കം 13 വണ്ടികൾ അന്ന് വൈകിയാണ് ഓടിയത്. വിദഗ്ധ പരിശീലനം കിട്ടിയ റെയില്‍വേ തൊഴിലാളികൾ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇരുവർക്കുമെതിരെ കോഴിക്കോട് ആർപിഎഫ് രജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോഴിക്കോട് സിജെഎം കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. മാർച്ച് 25ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും രണ്ട് ദിവസത്തിനകം കോടതി ജാമ്യം നല്‍കിയിരുന്നു. തുടർന്ന് ഇരുവരെയും പാലക്കാടേക്കും മംഗളൂരുവിലേക്കും സ്ഥലംമാറ്റി. മദ്യലഹരിയില്‍ സംഭവിച്ച പിഴവെന്നാണ് പ്രതികൾ ആർപിഎഫിന് നല്‍കിയ മൊഴി.

Follow Us:
Download App:
  • android
  • ios