Asianet News MalayalamAsianet News Malayalam

"ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അനധികൃത പണം",  ലഹരിയിടപാടിലെ ലാഭതുകയെന്നും ഇഡി, ജാമ്യാപേക്ഷയെ എതിർത്തു

ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൌണ്ടിലുണ്ടായിരുന്ന അനധികൃത പണമെന്നും ഇഡി കോടതിയിൽ

enforcement directorate oppose bineesh kodiyeris bail application
Author
Bengaluru, First Published Sep 20, 2021, 5:59 PM IST

ബംഗ്ലൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൌണ്ടിലുണ്ടായിരുന്ന അനധികൃത പണമെന്നും ഇഡി കോടതിയിൽ വാദിച്ചു. ലഹരികടത്ത് കേസിൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി കോടതിയിൽ വാദിച്ചു. 

മുഹമ്മദ് അനൂപും ബിനീഷും ലഹരികടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തി. ബിനിഷിന്റെ ഡ്രൈവരുടെ പേരിലാണ് ഇടപാടുകൾ നടത്തിയത്. ഡ്രൈവർ ചോദ്യം ചെയ്യലിന് ഹാജരാകാത്തത് സംശയകരമാണ്. ദുബായ് , ബംഗ്ലൂരു എന്നിവടങ്ങളിൽ ബിനീഷും അനൂപും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും ഇഡി കോടതിയിൽ നിലപാടെടുത്തു. 

''ബിസിനസ് ആവശ്യത്തിന് വായ്പ എടുത്താണ് അനൂപിന് പണം നൽകിയതെന്ന ബിനീഷിന്റെ വാദം വിചിത്രമാണ്. ബി ക്യാപിറ്റൽ കമ്പനികളുടെ പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ട്. ബിനീഷിന്റെ അക്കൗണ്ടിലെത്തിയത് അനധികൃത പണമാണ്. ലഹരിയിടപാടിലെ ലാഭതുകയാണ് ഇത്. എൻസിബി കസ്റ്റഡിയിലുള്ള സുഹാസ് കൃഷ്ണഗൗഡ, സൊനാറ്റ ലോഗോ എന്നിവർ ബിനീഷന്റെ ലഹരി ഇടപാടിലെ പങ്ക് സ്ഥിരീകരിക്കുന്നുണ്ട്''. മുഹമ്മദ് അനൂപും ബിനീഷും ലഹരി ഇടപാട് നടത്തിയതായി ഇവർ മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി വാദിച്ചു.

പച്ചക്കറി മത്സ്യ കച്ചവടം നടത്തിയെന്നാണ് ബിനീഷ് നേരത്തെ അറിയിച്ചത്. പച്ചക്കറി കച്ചവടം കൊണ്ട് 6 കോടി അക്കൗണ്ടിൽ എത്തുമോ? ഇല്ലാത്ത ന്യായങ്ങളും രേഖകളും സൃഷ്ടിക്കുകയാണ് ബിനീഷ്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ഇഡി കർണാടക ഹൈക്കോടതിയിൽ വാദിച്ചു. കേസ് 23 ന് വീണ്ടും പരിഗണിക്കും. 
 

Follow Us:
Download App:
  • android
  • ios