തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഇന്ന് നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലോടെയാണ് പരീക്ഷ. കൊവിഡ് പോസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ പരീക്ഷ എഴുതും.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നെങ്കിലും നടത്തിപ്പുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കർശന സുരക്ഷാക്രമീകരണങ്ങളോടെ പരീക്ഷ നടത്താൻ തീരുമാനമെടുക്കുകയായിരുന്നു. 343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. അതിതീവ്രമേഖലയിലും നിയന്ത്രിതമേഖലകളിലുമടക്കം കേന്ദ്രങ്ങൾ സജ്ജീകരിച്ചാണ് പരീക്ഷ.

സംസ്ഥാനത്തിന് പുറമേ ഗൾഫിലും മുംബൈയിലും ഫരീദാബാദിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ആലപ്പുഴ ജില്ലയിലെ കൊവിഡ് പൊസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ജില്ലാ മെഡിക്കൽ ബോർഡിന്‍റെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷ എഴുതുന്നത്. ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിലായിരിക്കും ഇവർക്ക് പരീക്ഷ. തിരുവനന്തപുരം പൂന്തുറയിലെ 60 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷ എഴുതാൻ അവസരമുണ്ട്.

രോഗവ്യാപനം കൂടിയ മേഖലകളിലുളളവരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരേയും രോഗലക്ഷണങ്ങൾ ഉളളവരേയും പ്രത്യേകമായി പരീക്ഷ എഴുതിക്കും. പരീക്ഷയ്ക്കായി പോകുന്ന വാഹനങ്ങൾ തടയരുതെന്ന് പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളെയെല്ലാം തെർമൽ പരിശോധനയ്ക്ക് വിധേയമാക്കും. രാവിലെ 10 മണിക്ക് ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലും ഉച്ചയ്ക്ക് 2.30ന് കണക്ക് പരീക്ഷയുമാണ് നടക്കുക.