വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിലെ തടസ്സങ്ങൾക്ക് പരിഹാരമായി. ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താൻ ഓപ്ഷനുകൾ ഇല്ലാതിരുന്ന പ്രശ്നം പരിഹരിച്ച് ഇപ്പോൾ ഓഫ്‌ലൈൻ സംവിധാനം ഏർപ്പെടുത്തി

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാരെ വോട്ടർ പട്ടിക പേര് ചേർക്കുന്നതില്‍ അറിയിപ്പുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ. വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോം ആറിലോ ഫോം ആറ് എയിലോ അപേക്ഷിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ജനനസ്ഥലം ഇന്ത്യക്ക് പുറത്താണെന്ന് രേഖപ്പെടുത്താൻ നിലവിൽ ഓപ്ഷനുകൾ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. ​എന്നാൽ ഈ പ്രശ്നത്തിന് ഇപ്പോൾ പരിഹാരമായിരിക്കുന്നു.

ഇത്തരക്കാർക്കായി 'ഓഫ്‌ലൈൻ' സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, വോട്ടർ പട്ടിക പുതുക്കുന്ന ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ERONET, BLO App എന്നിവയിൽ ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളുടെ പേര് രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമായിക്കഴിഞ്ഞുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങൾ (ഡബിൾ ആൽഫബറ്റ്) ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ എറോനെറ്റ് ( ERONET ) സൈറ്റ് നേരത്തേ സജ്ജമായിരുന്നു.

ജനനസ്ഥലം വിദേശത്തായിട്ടുള്ള പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾക്കളുടെ സഹായത്തോടെ ഓഫ് ലൈനായി ബിഎൽ ഒ വഴിയോ ഇആർഒ വഴിയോ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാനായി അപേക്ഷിക്കാം. ബിഎൽഒ ആപ്പ് വഴി അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ‘ഇന്ത്യക്ക് പുറത്ത്’ എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താം. ഇതുവരെ ഫോം ആറ് എ വഴി 1,37,162 പ്രവാസികൾ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചുകഴിഞ്ഞുവെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.