പ്രവാസിയുടെ സംരഭത്തിന്‍റെ അനുമതി ചുവപ്പ്നാടയില്‍; മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരവുമായി ഷാജിമോന്‍ ജോര്‍ജ്
സമരം പിന്‍വലിച്ച് രേഖകള്‍ ഹാജരാക്കാന്‍ വ്യവസായി തയാറാകണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്.പഞ്ചായത്ത് ഭരണസമിതിയിലും ഉദ്യോഗസ്ഥരിലും വിശ്വാസമില്ലെന്ന് സംരഭകന്‍

കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞതിനെച്ചൊല്ലി വിവാദം മുറുകുന്നു. പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഷാജിമോന്‍ സമരം തുടങ്ങി. മതിയായ രേഖകള്‍ ഹാജരാക്കത്തതു കൊണ്ടാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്‍റ് കോമളവല്ലി വിശദീകരിച്ചു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോനും മറുപടി നല്‍കി.
തന്‍റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയാക്കിയതിനു ശേഷമാണ് എല്ലാം ഈ അഞ്ചു കാര്യങ്ങളിലേക്ക് പ്രസിഡന്‍റ് ചുരുക്കിയതെന്നാണ് ഷാജിമോന്‍റെ മറുപടി. ഇപ്പറഞ്ഞ സര്‍ട്ടിഫിക്കറ്റുകളെല്ലാം പലപ്പോഴായി എത്തിച്ചിട്ടും അനേകം അനേകം സാങ്കേതികതകള്‍ നിരത്തി എന്തിന് തനിക്ക് നോട്ടീസ് നല്‍കിയ എന്ന മറുചോദ്യവും ഷാജി ഉയര്‍ത്തുന്നു.ഷാജിയോട് പ്രശ്നങ്ങളില്ലെന്നും സമരം പിന്‍വലിച്ച് സര്‍ട്ടിഫിക്കറ്റുകളെത്തിച്ചാല്‍ എല്ലാ ആശയക്കുഴപ്പങ്ങളും തീര്‍ക്കാമെന്നും പ്രസിഡണ്ട് പറയുന്നു.ഈ ഉറപ്പൊക്കെ കുറേ കേട്ടിട്ടുണ്ടെന്നാണ് ഷാജിമോന്‍റെ മറുപടി