കേരളത്തിലെ ജനങ്ങൾ മുന്നണിയെ ഏറ്റെടുക്കും ഒപ്പം നിൽക്കും.  കൂടുതൽ ബഹുജനപിന്തുണയുള്ള പ്രസ്ഥാനമായി എൽഡിഎഫ് മാറും. 

തിരുവനന്തപുരം: ഇടതുമുന്നണി കൂടുതൽ വിപുലീകരിക്കപ്പെടുമെന്ന് ഇ.പി.ജയരാജൻ (Will expand LDF says newly elected convenor EP Jayarajan). ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് മുന്നണിയെ ഇനിയും വിപുലപ്പെടുത്താൻ ശ്രമിക്കുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞത്. ഒരോ സംഘ‍ടനകൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. പ്രവ‍ര്‍ത്തകരുടെ ആവശ്യങ്ങളും വികാരവും അറിഞ്ഞ് വിവിധ സംഘടനകൾക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും കെഎസ്ഇബിയുടെ തൊഴിലാളി യൂണിയനുകളുടെ സമരത്തോട് പ്രതികരിച്ചു കൊണ്ട് ഇപി പറഞ്ഞു. 

ഇ.പിയുടെ വാക്കുകൾ - 

ഇടതുപക്ഷ മുന്നണിയുടെ കുതിപ്പ് നിങ്ങൾക്ക് ഇനി കാണാം. കേരളത്തിലെ ജനങ്ങൾ മുന്നണിയെ ഏറ്റെടുക്കും ഒപ്പം നിൽക്കും. കൂടുതൽ ബഹുജനപിന്തുണയുള്ള പ്രസ്ഥാനമായി എൽഡിഎഫ് മാറും. ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികളും പൊതുവിൽ ഒരേ രാഷ്ട്രീയ നയമാണ് സ്വീകരിക്കുന്നത്. കെ റെയിൽ പദ്ധതിയിൽ ഇടതുമുന്നണിയിലെ എല്ലാ ഘടകക്ഷികൾക്കും ഒരേ നിലപാടാണ്. ഇക്കാര്യത്തിൽ ഘടകക്ഷികളിൽ അതൃപ്തിയോ വിയോജിപ്പോ ഉണ്ടെന്ന് വരുത്തി തീ‍ര്‍ക്കാനുള്ള പ്രവണത ചില മാധ്യമങ്ങൾക്കുണ്ട്. സിൽവ‍ര്‍ ലൈൻ പദ്ധതിയിൽ സിപിഐക്ക് യാതൊരു വിയോജിപ്പുമില്ല.