തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകം പാർട്ടി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോൺ​ഗ്രസ് നേതാക്കളുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.  കൊലപാതകത്തെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാവോ കെ പി സി സി പ്രസിഡന്റോ തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് ഇ പി ജയരാജൻ ആരോപിച്ചു.

കൊലപാതകങ്ങളിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടഫി കോടിയേരി ആരോപിച്ചിരുന്നു. ഉന്നത തലത്തിൽ ഗൂഢാലോചന നടന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണ് വെഞ്ഞാറമൂട്ടിലേതുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്. 

ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് ദൃക്സാക്ഷികൾ പറയുന്ന കോൺഗ്രസ് നേതാവ് സജീവിന്‍റെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരെ ഇത് വരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎൻടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു.