കോൺഗ്രസ് ജില്ല ഓഫീസിന് കാവലിനെത്തിയ പൊലീസിനോട് കയർത്ത് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ഇന്നലെയുണ്ടായ അക്രമത്തിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
എറണാകുളം: കോൺഗ്രസ് ജില്ല ഓഫീസിന് കാവലിനെത്തിയ പൊലീസിനോട് കയർത്ത് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. ഇന്നലെയുണ്ടായ അക്രമത്തിൽ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഓഫീസ് സംരക്ഷണം പ്രവർത്തകർ നോക്കിക്കോളുമെന്നും ഷിയാസ് അറിയിച്ചു. രാവിലെ പതിനൊന്നരയോടെ പ്രതിപക്ഷ നേതാവിന്‍റെ വാർത്താ സമ്മേളനത്തിന് ശേഷം നേതാക്കൾ ഡിസിസി ഓഫീസിന് പുറത്തിറങ്ങി വന്നപ്പോഴാണ് പൊലീസുകാരെ കണ്ടത്. ചോദിച്ചപ്പോൾ ഓഫീസിന് സംരക്ഷണം നൽകാൻ വന്നതെന്ന് മറുപടി. ഇതോടെ പൊലീസുകാർക്ക് നേരെ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് തട്ടിക്കയറുകയായിരുന്നു.
പുലർച്ചെയെത്തിയ അറുപതോളം പേരുടെ സംഘം ഓഫീസ് ആക്രമിക്കാൻ ശ്രമിച്ചെന്നും പാർട്ടി പതാക കത്തിച്ചെന്നും ഷിയാസ് ആരോപിച്ചു. ഇനി പൊലീസിന്‍റെ സഹായം വേണ്ട. സംരക്ഷണം കോൺഗ്രസ് പ്രവർത്തകർ നോക്കിക്കോളുമെന്നും ഷിയാസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകടനം നടത്തുന്പോൾ ഡിസിസി ഓഫീസിന് മുന്നിൽ ലാഘവത്തോടെ ഇരിക്കുന്ന മുഹമ്മദ് ഷിയാസിന്‍റെ വീഡിയോ വൈറലായിരുന്നു. ഷിയാസിനോട് പ്രതികരിക്കാതിരുന്ന പൊലീസ് ഓഫീസിനുള്ള കാവൽ തുടരുകയാണ്.
Read more: 'എ കെ ആന്റണി രക്ഷപ്പെട്ടത് ആയുസിന്റെ ബലം കൊണ്ട്'; സതീശനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് സുധാകരൻ
വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 27 വരെ റിമാന്‍റില്‍
തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു.തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു.പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജൻ്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.പ്രതികളെ പുറത്തു വിട്ടാൽ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. വാദപ്രതിവാദങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് പ്രതികളെ 27 വരെ റിമാൻഡ് ചെയ്തത്.. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം നടക്കും.
