കൊച്ചി:  ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ പല മേഖലയിലും നേരിയ തോതിൽ മഴ തുടരുകയാണ്. എന്നാല്‍, പെരിയാറിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ  പ്രവർത്തനവും സുഗമമായി നടക്കുന്നുണ്ട്.

എറണാകുളം ജില്ലയുടെ വിവിധ താലൂക്കുകളിലായി നിലവിൽ 63 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 11,258 പേർ ക്യാംപുകളിലാണ്.  പറവൂർ താലൂക്കിൽ 30 ക്യാംപുകളും ആലുവയിൽ  21 ക്യാംപുകളുമാണുള്ളത്. വെള്ളമിറങ്ങി ത്തുടങ്ങിയതോടെ നിരവധി പേർ വീടുകളിലേക്ക് മടങ്ങി. ഇതോടെ ജില്ലയിലെ 167 ദുരിതാശ്വാസ ക്യാംപുകൾ അടച്ചു.

 നീരൊഴുക്ക് കുറഞ്ഞതോടെ മലങ്കര ഡാമിന്റെ എല്ലാ ഷട്ടറുകളും ഇരുപത് സെന്റിമീറ്റർ ആയി താഴ്ത്തി. ദുരന്ത ബാധിത മേഖലകളിലേക്ക് നൽകാനായി ഇന്നും എറണാകുളം കളക്ട്രേറ്റിൽ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.