പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഇതിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും, തുടർനടപടികൾ ചർച്ച ചെയ്യാൻ ഈ മാസം 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരാനും തീരുമാനമായി.
തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും അടിയന്തരമായി അറിയിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നതിനായി വൈദ്യുതി, പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പരിസ്ഥിതി സെക്രട്ടറി എം.ജി. രാജമാണിക്യംഉൾപ്പെടെ പരിസ്ഥിതി - കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിലെയും ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയിൽ നിന്ന് പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം പ്രാദേശിക തലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച നിർദേശങ്ങൾ, കേന്ദ്ര സർക്കാർ പുതുതായി നിയോഗിച്ച വിദഗ്ധ സമിതിയുമായി സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ചർച്ച ചെയ്യുന്നതിനായി ആ സമിതി അംഗങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കാനും തീരുമാനമായി. കൂടാതെ, ഈ വിഷയത്തിൽ തുടർനടപടികൾ തീരുമാനിക്കുന്നതിനായി ഈ മാസം 30 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരാനും തീരുമാനിച്ചു.
