Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; എക്സാലോജിക്ക് അന്വേഷണവും ലാവ്ലിന്‍പോലെ ഫ്രീസറിലേക്കെന്ന് കെ. സുധാകരന്‍ എംപി

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി ഡസന്‍ കണക്കിനു ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കിയ ചരിത്രമുള്ള സിപിഎമ്മിനോടും അതില്‍ പങ്കാളിയായ പിണറായി വിജയനോടും കാട്ടിയ പ്രതിപത്തി അമ്പരപ്പിക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു.

Exalogic enquiry is going to be put inside freezer like SNC lavlin case says K Sudhakaran MP
Author
First Published Jan 18, 2024, 1:39 PM IST

തിരുവനന്തപുരം: ബിജെപി- സിപിഎം ബന്ധത്തിന്റെ ആഴവും കോണ്‍ഗ്രസ് വിരോധത്തിന്റെ ഉച്ചാവസ്ഥയും വെളിപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി ഡസന്‍ കണക്കിനു ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കിയ ചരിത്രമുള്ള സിപിഎമ്മിനോടും അതില്‍ പങ്കാളിയായ പിണറായി വിജയനോടും കാട്ടിയ പ്രതിപത്തി അമ്പരപ്പിക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി അപ്രതീക്ഷിതമായി എത്തി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ പിണറായിയുടെ മുഖത്ത് ഭയഭക്തി ബഹുമാനങ്ങള്‍ ഓളം വെട്ടി.  മോദി പിണറായിയെ ചേര്‍ത്തുപിടിച്ചത് ഏറ്റവും വിശ്വസ്തനോടെന്നപോലെയാണ്.  അനധികൃത എക്സാലോജിക് ഇടപാടും അതിന്റെ പ്രത്യാഘാതങ്ങളും പിണറായിയെ ഓടിയെത്താനും താണുവണങ്ങാനും പ്രേരിപ്പിച്ചു. തുടര്‍ന്ന് എക്സാലോജിക് പണമിടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇഡിയെയും സിബിഐയെയും നിയോഗിക്കുന്നതിനു പകരം ആര്‍ഒസിയുടെ റിപ്പോര്‍ട്ട് കേന്ദ്രകോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിനു വിട്ട് പിണറായിയെ സംരക്ഷിച്ചു. ആര്‍ഒസിയുടെ വെബ്സൈറ്റില്‍നിന്ന് എക്സാലോജിക്കിനെതിരായ റിപ്പോര്‍ട്ട് പോലും നീക്കം ചെയ്തുവെന്നും സുധാകരന്‍ ആരോപിച്ചു.

സഹകരണബാങ്കുകളിലെ ഇഡി അന്വേഷണം, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ ഇടപാട്, ലാവ്ലിന്‍ കേസ്  തുടങ്ങിയവയുടെ വഴിയെ എക്സാലോജിക് ഇടപാടും ഫ്രീസറിലേക്കു നീങ്ങുന്നുവെന്ന് വ്യക്തം. മതേതര ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന ബിജെപിയുടെ ചട്ടുകത്തെയാണ് പിണറായിയില്‍ പ്രധാനമന്ത്രി കാണുന്നത്.  

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രാവഗണനയ്ക്കെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയില്‍ സമരം നടത്താനിരിക്കെ കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് കേരളത്തിന്റെ ആവശ്യങ്ങള്‍ നേരിട്ട് ഉന്നയിക്കാനോ, ഒരു നിവേദനം പോലും നല്കാനോ മുഖ്യമന്ത്രി തയാറായില്ല. അതിനു പകരം ഡല്‍ഹിയിലൊരു പ്രഹസന സമരം നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ശ്രമിക്കുന്നത്.

10 വര്‍ഷമായി ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരേ കഴിഞ്ഞ എട്ട് വര്‍ഷമായി കേരളത്തില്‍ ഒരു സമരം നടന്നിട്ടില്ല. കേരളത്തിന് അര്‍ഹമായ സാമ്പത്തിക ആനുകൂല്യങ്ങളും സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്നു  പിണറായി വാചാടോപം മാത്രം നടത്തുമ്പോള്‍ നഷ്ടപ്പെടുന്നതു  കേരളത്തിലെ ജനങ്ങള്‍ക്കാണ്. കേരളത്തില്‍ ബിജെപി ജയിക്കുമെന്ന പ്രധാനമന്ത്രിയുടെ വിശ്വാസം പിണറായിലും സിപിഎമ്മിലും അര്‍പ്പിച്ചുള്ളതാണെന്നും സുധാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios