കോഴിക്കോട്: നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ പരീക്ഷയെഴുതിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്. അതിനിടെ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നാളേക്ക് മാറ്റി.

നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ നിഷാദ് വി മുഹമ്മദ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി പ്രിൻസിപ്പലും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ ഫൈസൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നതാണ് അടുത്ത ദിവസത്തേക്ക് മാറ്റിയത്. പരീക്ഷ ചീഫും നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലുമായ കെ റസിയയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

ഒളിവില്‍ പോയ രണ്ട് പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരീക്ഷയെഴുതിയ അധ്യാപകൻ നിഷാദ് മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്.  പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. 

പാസ്പോർട്ട് ഇല്ലാത്തതിനാൽ സ്കൂൾ പ്രിൻസിപ്പൽ കെ റസിയക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നില്ല. നോട്ടീസ് തുടർ നടപടിക്കായി മുക്കം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. ഇവരുടെ സിം കാർഡുകൾ പരിശോധിക്കാൻ പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. സിം കാർഡുകൾ മറ്റാരോ ഉപയോഗിച്ച് പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടക്കുന്നു എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണിത്.

അധ്യാപകൻ പരീക്ഷ എഴുതിക്കൊടുത്തു എന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. രണ്ട് പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ പൂർണമായും ഒരാളുടെ നാല് ഉത്തരങ്ങളും എഴുതുകയും 32 പ്ലസ് വണ്‍  വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഫലം തടഞ്ഞു വച്ച മൂന്ന് പേരിൽ ഒരാളുടെ റിസൽറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അധ്യാപകൻ എഴുതിയ നാല് ഉത്തരങ്ങൾ ഒഴിവാക്കിയാണ് മാർക്ക് കണക്കാക്കിയത്. ഈ വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി.