Asianet News MalayalamAsianet News Malayalam

നിയമനത്തിന് ഒഴിവ് സൃഷ്ടിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ പണം വാങ്ങി ദീർഘകാല അവധിയെടുത്തെന്ന് ആരോപണം

വാളയാർ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി. രജനീഷ്, ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ദീർഘകാല അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്

Excise inspector long leave for new recruitment
Author
Palakkad, First Published Feb 2, 2020, 6:33 AM IST

തിരുവനന്തപുരം: എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിന് ഒഴിവ് സൃഷ്ടിയ്ക്കാൻ ഉദ്യോഗസ്ഥർ പണം വാങ്ങി ദീർഘകാല അവധിയെടുത്തതായി പരാതി. ആറു മാസത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ അവധിയെടുത്താൽ പുതിയ നിയമനം നടത്താമെന്ന ചട്ടം മറയാക്കിയാണ് പാലക്കാട്ടെ രണ്ടുദ്യോഗസ്ഥർ ലക്ഷങ്ങൾ പണം വാങ്ങിയെന്ന് ആരോപണം ഉയരുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണം തുടങ്ങി.

വാളയാർ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി. രജനീഷ്, ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂർ ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ വി ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ദീർഘകാല അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.

എക്സൈസ് ഇൻസ്പെക്ടർ നിയമനത്തിനായി നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 21 ന് തീരാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ തട്ടിപ്പ്. ആറുമാസത്തിൽ കൂടുതൽ ഒരു ഉദ്യോഗസ്ഥൻ അവധിയിലാണെങ്കിൽ അത് ഒഴിവായി കണ്ട് പിഎസ്‌സിക്ക് പുതിയ നിയമനം നടത്താം. ഇത് മുതലെടുത്താണ് വി രജനീഷും വി ബാലസുബ്രഹ്മണ്യനും ദീർഘകാല അവധിക്ക് അപേക്ഷിച്ചത്.

ഇതിനായി പട്ടികയിൽ മുൻഗണനാ ക്രമത്തിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഇവർ പതിനഞ്ച് ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. വിവാദമായതോടെ എക്സൈസ് വകുപ്പ് തല അന്വേഷണം തുടങ്ങി. എക്സൈസ് അസോസിയേഷനിലെ ഉന്നതർക്കും മന്ത്രിയുടെ ഓഫീസിലെ ചിലർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്നും ആരോപണമുണ്ട്. ഇത്തരത്തിൽ ഉദ്യോഗസ്ഥരെക്കൊണ്ട് അവധിയെടുപ്പിച്ച് കൃത്രിമ ഒഴിവുകൾ സൃഷ്ടിയ്ക്കുന്നത് സർക്കാരിന് സാമ്പത്തിക ബാധ്യതയുമുണ്ടാക്കും.

അതേസമയം ആരോപണം നിഷേധിച്ച് എക്സൈസ് ഇൻസ്പെക്ടർമാർ രംഗത്ത് വന്നു. " ആരോപണം ശരിയല്ല. സ്വകാര്യ അത്യാവശ്യങ്ങൾക്കും ചികിത്സ ആവശ്യത്തിനും വേണ്ടിയാണ് അവധി അപേക്ഷിച്ചത്.മറ്റെന്തെങ്കിലും താത്പര്യങ്ങളാകാം ആരോപണങ്ങൾക്ക് പുറകിൽ," എന്നും ഇരുവരും പറഞ്ഞു.

Follow Us:
Download App:
  • android
  • ios