ഇടുക്കി: ചെമ്പകപ്പാറയിൽ പ്രവാസി മലയാളിയുടെ നാലേക്കർ ഭൂമി സിപിഎം പ്രവർത്തകരായ നാട്ടുകാർ കയ്യേറിയെന്ന് ആരോപണം. ലോക്ക് ഡൗണിന്റെ മറവിൽ ഭൂമിയിലെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ മുറിച്ചുകടത്തിയെന്നും പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും പ്രവാസി മലയാളിയായ മനോജ് ആരോപിച്ചു.

സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്ന ചെമ്പകപ്പാറ സ്വദേശി മനോജാണ് പരാതിക്കാരൻ. തന്റെയും അമ്മയുടെയും പേരിലുള്ള നാലേക്കർ ഭൂമിയിലൂടെ നാട്ടുകാർക്ക് നടക്കാനുള്ള വഴി അനുവദിച്ചിരുന്നു. ഇക്കൂട്ടത്തിലെ സിപിഎം പ്രവർത്തകരായ ചിലർ ആദ്യം വണ്ടി പോകുന്ന തരത്തിൽ വഴി വലുതാക്കുകയും ഇപ്പോൾ ഭൂമി മൊത്തമായി കയ്യേറിയെന്നാണ് മനോജ് പറയുന്നത്. സിപിഎം ജില്ലാ നേതാക്കളുടെ ഒത്താശയോടെയാണ് കയ്യേറ്റം എന്നാണ് ആരോപണം.

കയ്യേറ്റത്തിൽ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് നടപടിയെടുക്കാതായപ്പോൾ കോടതിലക്ഷ്യ നടപടിക്കും ഉത്തരവായി. എന്നിട്ടും ഭരണസ്വാധീനമുള്ള കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുകയാണെന്നാണ് മനോജ് പറയുന്നത്. അതേസമയം സിപിഎം പ്രാദേശിക നേതൃത്വം ആരോപണങ്ങളെല്ലാം നിഷേധിച്ചു.