സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാർട്ടി വിലയിരുത്തൽ. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെ പുറത്താക്കിയിരുന്നു. 

കണ്ണൂർ: അർജുൻ ആയങ്കിക്ക് വാഹനം എടുത്ത് നൽകിയ സജേഷിനെതിരെ നടപടിയുമായി സിപിഎം. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വ‍ർഷത്തേക്ക് സസ്പെന്റ് ചെയ്തു. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാർട്ടി വിലയിരുത്തൽ. നേരത്തെ ഡിവൈഎഫ്ഐയും സജേഷിനെ പുറത്താക്കിയിരുന്നു. 

പാർട്ടിയെ മറയാക്കി ക്വട്ടേഷൻ നടപടിക്ക് നേതൃത്വം നൽകുന്ന മുഴുവൻ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. ഇപ്പോൾ പുറത്തുവന്ന പേരുകൾക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ കണ്ടെത്താൻ പാർട്ടി കീഴ്ഘടകങ്ങൾക്ക് നി‍ർദേശം നൽകും. ഇപ്പോൾ പാർട്ടി പേരെടുത്ത പറഞ്ഞ അ‍ർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാർട്ടി പ്രവർത്തകരോ നേതാക്കളോ ഉണ്ടെങ്കിൽ അവരോട് പിന്‍തിരിയാരും കർശനമായി ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടി തീരുമാനം അനുസരിച്ചില്ലെങ്കിൽ അത്തരക്കാരെ പുറത്താക്കാനും സിപിഎം തീരുമാനിച്ചു. വളരെ ഗൗരവതരമായി തന്നെ വിഷയത്തെ സമീപിക്കാനാണ് സിപിഎം തീരുമാനം.