Asianet News MalayalamAsianet News Malayalam

Covid 19: 'കൊവിഡ് കുതിപ്പിനെ ഒമിക്രോൺ തരംഗമായി കണക്കാക്കാം': ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് അതിവേഗം

നിലവിലെ വ്യാപനം ഇപ്പോഴും ഡെൽറ്റ വകഭേദം കാരണമാണെന്നാണ് സർക്കാർ നിലപാട്. അതിനിടെ കേസുകളുയരുമ്പോൾ രോഗികൾ ഗുരുതരാവസ്ഥയിലെത്തുന്നത് തടയുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്ന് പ്രധാന സർക്കാരാശുപത്രികളിൽ കിട്ടാതായിത്തുടങ്ങി
 

Experts say the current covid jump in the state could be considered as an omicron wave
Author
Trivandrum, First Published Jan 13, 2022, 6:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കൊവിഡ് (Covid 19) കുതിപ്പിനെ ഒമിക്രോൺ (Omicron) തരംഗമായിത്തന്നെ കണക്കാക്കാമെന്ന വിലയിരുത്തലിൽ വിദഗ്ദർ. പൊടുന്നനെ വലിയ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലടക്കം നിയന്ത്രണം വേണ്ടിവരുമെന്നാണ് നിർദേശം. അതേസമയം, നിലവിലെ വ്യാപനം ഇപ്പോഴും ഡെൽറ്റ വകഭേദം കാരണമാണെന്നാണ് സർക്കാർ നിലപാട്. അതിനിടെ കേസുകളുയരുമ്പോൾ രോഗികൾ ഗുരുതരാവസ്ഥയിലെത്തുന്നത് തടയുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്ന് പ്രധാന സർക്കാരാശുപത്രികളിൽ കിട്ടാതായിത്തുടങ്ങി

നഴ്സിങ് കോളേജുകളിലും കോളേജുകളിലുമൊക്കെ ഒറ്റയടിക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നത് മുന്നറിയിപ്പാണ്. പൊടുന്നനെയാണ് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നത്. അയ്യായിരത്തിൽ നിന്ന് ഒൻപതിനായിരത്തിലേക്കും തൊട്ടടുത്ത ദിവസം പന്ത്രണ്ടായിരത്തിലേക്കും കുതിക്കുന്ന കൊവിഡ് കേസുകൾ ഒമിക്രോൺ തന്നെയെന്നുറപ്പിക്കുകയാണ് വിദഗ്ദർ. ക്ലസ്റ്റർ കൂടി സ്ഥീരീകരിച്ച സാഹചര്യത്തിൽ നിലവിലെ പ്രതിരോധ രീതികളിൽ മാറ്റം വേണ്ടി വരും. കൂടുതൽ ക്ലസ്റ്ററുകൾ വരും ദിവസങ്ങളിൽ രൂപപ്പെടും. സ്കൂളുകളുടെ കാര്യത്തിലടക്കം കൂടുതൽ ജാഗ്രത വേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ഒമിക്രോൺ വ്യാപന വേഗത തിരിച്ചറിയുന്നതിൽ ജനിതക പരിശോധനകളിലെ കുറവും, ഫലം വരാനെടുക്കാനെടുക്കുന്ന കാലതാമസവുമാണ് ഇപ്പോൾ സംസ്ഥാനത്തിന് പ്രശ്നം.

ഇതിനിടെയാണ് രോഗികളുടെ എണ്ണം ഉയരുമ്പോൾ, ആന്റിബോഡി കോക്ടെയിൽ പ്രധാന സർക്കാരാശുപത്രികളിൽ കിട്ടാത്ത അവസ്ഥ. പുറത്ത് 60,000 രൂപയിലധികം വിലവരുന്ന മരുന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളെക്കൊണ്ട് സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങിപ്പിച്ചാണ് കുത്തിവെക്കുന്നത്. ജനറൽ ആശുപത്രിയിൽ ഒറ്റ വയൽ പോലും സ്റ്റോക്കില്ല. പ്രധാന സർക്കാരാശുപത്രികളിലെല്ലാം ഉള്ളത് നാമമാത്ര സ്റ്റോക്കാണ്. കെഎംഎസ്‍സിഎല്‍ വാങ്ങിയതിൽ ഇനി ബാക്കിയുള്ളത് 180 വയൽ ആന്റിബോഡി മരുന്നാണ്. ഇത് 360 പേർക്കാണ് നൽകാനാവുക. ഒമിക്രോൺ തരംഗത്തിൽ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ആശങ്കയുണ്ട്. പ്രതിദിനം കേസുകൾ കൂടുന്നതിനനുസരിച്ച് പക്ഷെ ഗുരുതര രോഗികളുടെ എണ്ണം ഈഘട്ടത്തിൽ ഉയരുന്നില്ലെന്നത് ആശ്വാസമാണ്. ജനുവരി 1ന് 449 ഉണ്ടായിരുന്ന ഐസിയു രോഗികൾ 12 ദിവസം പിന്നിട്ടപ്പോൾ എത്തിയത് 453. വെന്റിലേറ്ററിൽ 160 ൽ നിന്ന് 135 ആയിക്കുറഞ്ഞു.

Follow Us:
Download App:
  • android
  • ios