Asianet News MalayalamAsianet News Malayalam

കോഴിക്കോട് സ്വകാര്യ ഭൂമികളില്‍ വ്യാപക മരംമുറി, പാരിസ്ഥിതികാഘാത പഠനം വേണമെന്ന് ആവശ്യം

കരിഞ്ചോലമലയില്‍ ഉരു‍ള്‍പൊട്ടിയതിന് സമീപത്തെ പ്രദേശമാണിത്. വ്യാപകമായ മരംമുറി പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നാണ് പരാതി...

Extensive logging in private land in kozhikoe people asks for environmental impact assessment
Author
Kozhikode, First Published Feb 5, 2021, 12:57 PM IST

കോഴിക്കോട്: കട്ടിപ്പാറ കല്ലുള്ളതോടിലെ സ്വകാര്യ ഭൂമികളില്‍ വ്യാപക മരംമുറി. ബഫര്‍സോണ്‍ വരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ച് കടത്തുന്നതെന്നാണ് പരാതി. മരംമുറി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നും ഉരുള്‍പൊട്ടല്‍ അടക്കമുള്ളവയ്ക്ക് സാധ്യതയുണ്ടെന്നും 
പഠനം വേണമെന്നുമാണ് പരാതിക്കാരൻ ഷിനിത്തിന്റെ ആവശ്യം. 

കാടിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമികളില്‍ വ്യാപമായി മരങ്ങള്‍ മുറിച്ച് വിറ്റിരിക്കുന്നു. ചെങ്കുത്തായ പ്രദേശത്താണ് ഈ മരംമുറി. തോടുകള്‍ പോലും പാറക്കല്ലുകള്‍ ഇട്ട് നികത്തി റോഡ് നിര്‍മ്മിച്ചാണ് മരങ്ങള്‍ ലോറിയില്‍ കയറ്റിക്കൊണ്ട് പോകുന്നത്.

കരിഞ്ചോലമലയില്‍ ഉരു‍ള്‍പൊട്ടിയതിന് സമീപത്തെ പ്രദേശമാണിത്. വ്യാപകമായ മരംമുറി പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നാണ് പരാതി.
കുരങ്ങുശല്യം രൂക്ഷമായതിനാല്‍ കപ്പ, വാഴ, തെങ്ങ് കൃഷികളൊന്നും സാധ്യമല്ലെന്നും റബ്ബര്‍ തൈകള്‍ നടാനാണ് മരങ്ങള്‍ മുറിച്ചതെന്നുമാണ് സ്ഥലം ഉടമകള്‍ പറയുന്നത്.

തൊട്ടടുത്ത മലയിലും മരംമുറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പരാതി. മരങ്ങള്‍ മുറിച്ചതിലും തോടുകള്‍ നികത്തിയതിലും പാരിസ്ഥിതിക ആഘാതം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. പാരിസ്ഥിത ആഘാതം ഇല്ലെങ്കില്‍ മാത്രമേ മരംമുറിക്ക് അനുമതി നല്‍കാവൂ എന്നാണ് ഇവരുടെ ആവശ്യം.

Follow Us:
Download App:
  • android
  • ios