അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് സര്‍ക്കാര്‍. ഒരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു.
തിരുവനന്തപുരം: അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിൽ ആളെക്കൂട്ടാൻ ക്വാട്ട നിശ്ചയിച്ച് സര്‍ക്കാര്‍. ഒരോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു. സര്‍ക്കാര്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജോയിന്‍റ് ഡയറക്ടറാണ് കത്ത് അയച്ചിരിക്കുന്നത്. ഒരോ പഞ്ചായത്തിൽ നിന്നും 200 പേരെ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദേശം. തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും 100 പേരെ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിനായുള്ള ചെലവ് സംബന്ധിച്ച വിവാദത്തിനിടെയാണ് ആളെക്കൂട്ടൽ വിവാദവും ഉയരുന്നത്.
ആരോപണങ്ങള്‍ തള്ളി മന്ത്രി എംബി രാജേഷ്
ആളുകളെ പങ്കെടുപ്പിക്കാൻ അനുമതി തേടികൊണ്ടുള്ള കത്താണെന്നും അത് സ്വഭാവികമായ നടപടി മാത്രമാണെന്നുമാണ് മന്ത്രി എംബി രാജേഷ് വിശദീകരിച്ചത്. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തിനായി ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിനും മന്ത്രി എംബി രാജേഷ് മറുപടി നൽകി. ബജറ്റ് വിഹിതത്തിലെ ചെറിയ തുകയാണ് പ്രഖ്യാപന സമ്മേളനത്തിനായി ചെലവാക്കുന്നതെന്നും വീട് നിർമാണത്തിനുള്ള ഫണ്ട് ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് അസംബന്ധമാണെന്നും മന്ത്രി എംബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



