Asianet News MalayalamAsianet News Malayalam

ആരുടെ 'കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്' ആണ് ലംഘിച്ചതെന്നറിയില്ല; ഫേസ്ബുക്ക് പേജ് വിലക്കിയതായി മുല്ലക്കര

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്ത് സ്റ്റാന്‍ഡേര്‍ഡാണ് ലംഘിച്ചതെന്ന ചോദ്യത്തിനും ഉത്തരമില്ല.
 

Facebook Ban verified Page: Ex minister Mullakkara Ratnakaran
Author
Thiruvananthapuram, First Published Jun 10, 2021, 5:24 PM IST

തിരുവനന്തപുരം: തന്റെ വെരിഫൈഡ് ഫേസ്ബുക്ക് പേജ് ഫേസ്ബുക്ക് വിലക്കിയതായി മുന്‍മന്ത്രിയും സിപിഐ നേതാവുമായ മുല്ലക്കര രത്‌നാകരന്‍. കമ്മ്യൂണിറ്റി സ്റ്റാര്‍ഡേര്‍ഡ് ലംഘിച്ചു എന്ന കാരണത്താലാണ് വിലക്കിയതെന്ന് പറയുമ്പോഴും ഫേസ്ബുക്ക് പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തില്‍ അത് കാണുന്നില്ലെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നിഷേധാത്മക നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്ത് സ്റ്റാന്‍ഡേര്‍ഡാണ് ലംഘിച്ചതെന്ന ചോദ്യത്തിനും ഉത്തരമില്ല. നിങ്ങളുടെ ഫ്രസ്‌ട്രേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാന്‍ സാധിക്കില്ല എന്നതരത്തിലായിരുന്നു മെയിലിലൂടെ ഫേസ്ബുക്കിന്റെ മറുപടിയെന്നും മുല്ലക്കര ആരോപിച്ചു. ഈ പേജ് വഴി അടുത്തകാലത്ത് കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി പോസ്റ്റിട്ടിരുന്നു. അതില്‍ ആരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ആണ് ലംഘിക്കപ്പെട്ടതെന്നറിയില്ലെന്നും മുല്ലക്കര വ്യക്തമാക്കി.

മുല്ലക്കര രത്‌നാകരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി ഹൃദയസംബന്ധിയായ അസുഖത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. അങ്ങനെയൊരു ലോക്ക്ഡൗണ്‍ കാലത്താണ് സമൂഹമാധ്യമം എന്നതിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഒരു പേജ് (https://www.facebook.com/mullakkaracpi ) ആരംഭിക്കുകയും കഴിഞ്ഞ ഒരു വര്‍ഷമായി അതിലൂടെ പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ട്. മാന്യമായ ഭാഷയില്‍ രാഷ്ട്രീയവും അല്ലാത്തതുമായ വിഷയങ്ങളില്‍ അഭിപ്രായം പറയുക എന്നതിനപ്പുറം പ്രകോപനപരമായതോ ആരെയെങ്കിലും വ്രണപ്പെടുത്തുന്നതോ ആയ ഒന്നും അതില്‍ ഇതുവരെ പോസ്റ്റ് ചെയ്തിട്ടില്ല. 

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പോലും ഒരു മിതത്വം പാലിച്ച് തന്നെയാണ് പോസ്റ്റുകള്‍ ഇടുന്നത്. പേജിന്റെ സാങ്കേതിക കാര്യങ്ങളും കൈകാര്യം ചെയ്യുന്നവര്‍ക്ക് നേരിട്ട് തന്നെയാണ് പോസ്റ്റിടേണ്ട കാര്യങ്ങള്‍ പറഞ്ഞോ എഴുതിയോ നല്‍കാറുള്ളത്.  പേജ് കൈകാര്യം ചെയ്യുന്നവര്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് വീണ്ടും, വായിച്ച് കേട്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ പോസ്റ്റ് ചെയ്യാറുള്ളൂ. 

ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയാനുണ്ടായ സാഹചര്യം, ഈ മാസം ആദ്യം മുതല്‍ എന്റെ പേരിലുള്ള വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഫെയ്‌സ്ബുക്ക് എന്നെ വിലക്കിയിരിക്കുന്നു എന്നതാണ്. അവരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ഞാന്‍ ലംഘിച്ചു എന്നാണ് പറയുന്നത്. അത്തരത്തില്‍ കമ്യൂണിറ്റി സ്റ്റാന്‌ഡേര്‍ഡ് ലംഘിച്ചാല്‍ ഫെയ്‌സ്ബുക്ക് പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തില്‍ അത് കാണേണ്ടതാണ്. എന്നാല്‍ എന്റെ പേജിന്റെ പേജ് ക്വാളിറ്റി വിഭാഗത്തില്‍ അത്തരത്തില്‍ ഒരു കുഴപ്പവുമില്ല (Your Page has no restrictions or violations) എന്നാണ് പറഞ്ഞിരിക്കുന്നത്. 

മന്ത്രി, നിയമസഭാ സാമാജികന്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഇതിന്റെ വിശദീകരണം ഫെയ്‌സ്ബുക്കിനോട് മെയില്‍ വഴി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കും ഈ ''ബാന്‍'' എന്തിനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരവധി മെയിലുകള്‍ക്ക് ശേഷവും ഈ ബാന്‍ നീക്കാന്‍ സാധിക്കില്ല എന്ന നിഷേധാത്മകമായ മറുപടിയാണ് അവര്‍ നല്‍കിയത്. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍ അക്കൗണ്ടുകള്‍ക്കൊന്നും ഇത്തരത്തില്‍ നിയന്ത്രണമില്ല. പിന്നെന്താണ് അവര്‍ പറയുന്ന ''ലംഘനം'' എന്ന് അവര്‍ക്കൊട്ട് വിശദീകരിക്കാന്‍ സാധിക്കുന്നുമില്ല.

ഈ പേജ് വഴി അടുത്തകാലത്ത് വിമര്‍ശനപരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പോസ്റ്റ് ഇട്ടിട്ടുള്ളത് കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകളെക്കുറിച്ചാണ്. അതില്‍ ആരുടെ ''കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്'' ആണ് ലംഘിക്കപ്പെട്ടതെന്നറിയില്ല. കേന്ദ്രസര്‍ക്കാരിനെതിരായും അവരുടെ കോവിഡ് വിഷയത്തിലെ പാളിച്ചകള്‍ക്കെതിരായും പോസ്റ്റിടുന്നവരുടെ ശബ്ദങ്ങളെ ഫെയ്‌സ്ബുക്ക് അടിച്ചമര്‍ത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. 

പ്രശസ്ത കവി സച്ചിദാനന്ദന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും #ങീറശൃലശെഴി എന്ന ഹാഷ്ടാഗിന് ഫെയ്‌സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതും വലിയ വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ ഉള്ള നയങ്ങളുടെ ഭാഗമായാണൊ ഈ വിലക്കെന്ന ചോദ്യത്തിന് ''നിങ്ങളുടെ ഫ്രസ്‌ട്രേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാന്‍ സാധിക്കില്ല'' എന്നതരത്തിലായിരുന്നു മെയിലിലൂടെ ഫെയ്‌സ്ബുക്കിന്റെ മറുപടി. ഇന്നാട്ടിലെ സാധാരണക്കാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഗതി എന്തായിരിക്കും എന്ന് കണ്ടുതന്നെ അറിയണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios