കൽപറ്റ: വയനാട്ടില്‍ ഷഹല എന്ന അഞ്ചാം ക്ലാസ്സുകാരി പാമ്പ് കടിയേറ്റ് മരിച്ചത് കേരളക്കരയാകെ ഞെട്ടലുണ്ടാക്കിയ സംഭവമാണ്. പാമ്പ് കടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതിരുന്ന സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമാകുകയാണ്. ചികിത്സയ്ക്കായി ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയ്ക്ക് അകാരണമായി ചികിത്സ വൈകിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കൂൾ അധികൃതരുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്ഥമൂലം കുഞ്ഞു ജീവൻ പൊലിഞ്ഞ സങ്കടം അലയടിക്കുമ്പോഴും ആശങ്കയിലാഴ്ത്തുന്നത് വയനാട്ടുകാരുടെ ജീവനാണ്.

പാമ്പെത്തുന്ന ക്ലാസ് മുറിയെക്കുറിച്ചല്ല, മറിച്ച് ആശുപത്രിയെത്തും മുമ്പ് മരിച്ചു പോവാൻ വിധിക്കപ്പെട്ട വയനാട്ടുകാരെ കുറിച്ച് പറയണമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറും വയനാട് സ്വദേശിയുമായ ശ്രാവൺ കൃഷ്ണ. വിദഗ്ദ്ധ ചികിത്സ ഉറപ്പിക്കാനുള്ള ഒരു കേന്ദ്രം പോലും വയനാട്ടില്ലില്ലെന്നും ചികിത്സയ്ക്കായി നാൽപ്പത് കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് മാത്രമെ ആശ്രയിത്തിനുള്ളുവെന്നും ശ്രാവൺ പറയുന്നു.

ശ്രാവൺ കൃഷ്ണയുടെ കുറിപ്പ്;

പാമ്പെത്തുന്ന ക്ലാസ്സ്‌ മുറികളെ കുറിച്ചല്ല... ബോധം മറയാറായിട്ടും വടി വീശി നോക്കിയിരുന്ന അധ്യാപകരെ കുറിച്ചുമല്ല.. ചെറിയ വൈകലുകൾ പോലും ജീവനെടുക്കുന്ന ഗതികേടിനെ കുറിച്ചാണ്...  ഷഹലയുടെ അച്ഛൻ രണ്ട് മണിക്കൂറോളം ആ കുഞ്ഞിനേയും കൊണ്ട് ആശുപത്രികൾ കയറിയിട്ടുണ്ട്.. ബത്തേരിയിൽ, വൈത്തിരിയിൽ, ചേലോട് എല്ലായിടത്തും... കുഞ്ഞിന്റെ കണ്ണ് മറയുന്നത് കൺമുന്നിൽ അയാൾ കാണുന്നുണ്ട്. രണ്ട് താലൂക്ക് ആശുപത്രി, രണ്ട് സ്വകാര്യ ആശുപത്രി.. പാമ്പുകടിയേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ പോലും വിദഗ്ദ്ധ ചികിത്സ ഉറപ്പിക്കാനുള്ള ഒരു കേന്ദ്രം ഇന്നാട്ടിലില്ല എന്ന് കാണുന്നില്ലേ... ഒൻപത് വളവും കടന്ന് ചുരമിറങ്ങി, പിന്നെയും നാൽപ്പത് കിലോമീറ്റർ ഓടി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന നേരം വരെ അവളുടെ ശ്വാസമുണ്ടാകണമെന്ന് ആശിക്കുകയല്ലാതെ വഴിയുണ്ടായിരിക്കില്ല.

ചുരത്തിനു മുകളിൽ കമ്പളക്കാടോ, പനമരത്തോ, മീനങ്ങാടിയോ, കല്പറ്റയോ ഒരു മെഡിക്കൽ കോളേജ് ഉണ്ടായിരുന്നെങ്കിൽ എന്ന് കരുതിയാൽ ഷഹല ജീവനോടെയുണ്ട്... കോഴിക്കോടേക്ക് വിട്ടോ എന്ന, ഉറ്റവരെ മരവിപ്പിക്കുന്ന പറച്ചിലുകൾക്ക് അവസാനമുണ്ടായെങ്കിൽ  എന്ന് കരുതിയാൽ  അവളിന്ന് സ്കൂളിലുണ്ട്...

ചുരമിറങ്ങിയുള്ള പോക്കിൽ മരിച്ചവരേറെ.. ഏറെയേറെ പറഞ്ഞിട്ടുമുണ്ട്.. പാമ്പുകടിയേറ്റ മുത്തശ്ശൻ കോഴിക്കോട്ടേക്കുള്ള വഴിയിൽ അടിവാരത്ത് നാല്പത് കൊല്ലം മുൻപ് മരിച്ചതോർത്തു ഇന്നൊരു സുഹൃത്ത്.. പാമ്പുകടിയേറ്റ ഷഹല കോഴിക്കോട്ടേക്കുള്ള വഴിയിൽ വൈത്തിരിയിൽ മരിച്ചു. നാല്പത് കൊല്ലം മാത്രമെടുത്താൽ തന്നെ എത്ര തെരഞ്ഞെടുപ്പ്,   എത്ര സർക്കാരുകൾ... 
എത്ര ഒന്നാം സ്ഥാനങ്ങൾ...

അവഗണിച്ച് അവഗണിച്ച്  മുറിവേൽപ്പിച്ച ഇന്നാട്ടുകാരോട്, "മരുന്നുണ്ട്, മരിക്കില്ല" എന്ന്, ഉറപ്പുപറയാനായില്ലെങ്കിൽ ഒന്നാം സ്ഥാനങ്ങൾ എന്തിനാണ്? .. ചുരത്തിലെ, താമരശ്ശേരിയിലെ, കുന്നമംഗലത്തെ കുരുക്ക് കടന്നാൽ മാത്രം ഉയിര് ബാക്കിയെന്ന് ആവർത്തിക്കാനാണെങ്കിൽ എന്തിനാണ്? മടക്കിമലക്ക് അടുത്ത് സ്ഥലമെടുപ്പ്.. പരിസ്ഥിതി ലോലമെന്നു കണ്ട് അവിടം വിട്ട് വൈത്തിരിയിൽ മറ്റൊരു സ്ഥലമെടുപ്പ്..വയനാട്ടിലെ മെഡിക്കൽ കോളേജ് കടലാസിലാണ്..  ഇന്നുയരും  നാളെ ഉയരും എന്ന കോപ്പി പേസ്റ്റ് വാഗ്ദാനങ്ങൾക്ക് ഇപ്പോഴും വളക്കൂറുള്ള മണ്ണ് . ഈ വൈകലുകളുടെ കൂടി ഇരയാണ് ഷഹലയും... 

3.15.. 3.36.. 3.46.. 3.55.. 4.15.. സമയമാണ്...