Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയ്ക്ക് മുൻകൂർ ജാമ്യമില്ല; എത്രയും വേഗം കീഴടങ്ങണം, ഇല്ലെങ്കിൽ അറസ്റ്റെന്ന് ഹൈക്കോടതി

എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു. കീഴടങ്ങാൻ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നേരെത്തെ അറസ്റ്റ് തടയാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു.
 

fake lawyer sessi xavier in alappuzha not granted anticipatory bail
Author
Cochin, First Published Sep 17, 2021, 11:12 AM IST
  • Facebook
  • Twitter
  • Whatsapp

കൊച്ചി: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന് മുൻകൂർ ജാമ്യമില്ല. മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു. കീഴടങ്ങാൻ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. നേരെത്തെ അറസ്റ്റ് തടയാനുള്ള അപേക്ഷ കോടതി തള്ളിയിരുന്നു.

രണ്ട് വർഷത്തോളം ജുഡീഷ്യറിയെ കബളിപ്പിച്ച വ്യക്തിയാണ് സെസി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നാണ് സെസി സേവ്യർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. മനപ്പൂർവ്വം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്. 

അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് നേരത്തെ സെസിക്കെതിരെ കേസെടുത്തിരുന്നു. കോടതിയിൽ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി സെസി സേവ്യർ എത്തിയെങ്കിലും കോടതിയിൽ നിന്നും ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ മുങ്ങിയിരുന്നു. ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് സെസി മുങ്ങിയത്. സെസിക്കെതിരെ ആലപ്പുഴ ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ നോർത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. 

സിവിൽ കേസുകളിൽ അടക്കം കോടതിക്ക് നേരിട്ട് പോകാൻ കഴിയാത്ത സ്ഥലങ്ങളിൽ അഭിഭാഷക കമ്മീഷനെ നിയോഗിക്കാറുണ്ട്. ഈ രീതിയിൽ സെസി സേവ്യർ പല കേസുകളിലും ഹാജരായിട്ടുണ്ട്. ഇതോടൊപ്പം ലീഗൽ സർവീസ് അതോറിറ്റിയിലും പ്രവർത്തിച്ചതായി പറയുന്നു. മതിയായ യോഗ്യത ഇല്ലാത്ത ഇവർ ന‌ൽകിയ റിപ്പോർട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകൾ വലിയ നിയമപ്രശ്ങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തൽ. ഇതെല്ലാം പരിഗണിച്ചാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വഴി പ്രത്യേകം നിയമനടപടിക്ക് ബാർ കൗൺസിൽ ഒരുങ്ങുന്നത്. കൂടുതൽ വ്യാജ അഭിഭാഷകർ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തിൽ സമഗ്ര പരിശോധന നടത്താനും കേരള ബാർ കൗൺസിൽ ആലോചിക്കുന്നുണ്ട്. 

ബിരുദ സർട്ടിഫക്കറ്റുകൾ  കൃത്യമായി പരിശോധിക്കാതെ സെസി സേവ്യറിന് അംഗത്വം നൽകിയതിന്‍റെ പേരിൽ ആലപ്പുഴ ബാർ അസോസിയേഷനിൽ ഭിന്നത രൂക്ഷമാണ്. അഭിഭാഷക സംഘടനകൾ തമ്മിൽ രാഷ്ട്രീയ പോരും ശക്തമായിട്ടുണ്ട്. ഇക്കഴിഞ്ഞ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിച്ച സെസി വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സിപിഎം - സിപിഐ സംഘടനകൾ തമ്മിലെ ചേരി പോരും ഇവർക്ക് തുണയായി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios