വിദ്യാർത്ഥിക്കായി വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിൽ വെച്ചാണെന്ന് ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിക്ക് വ്യാജ ഹാള്‍ ടിക്കറ്റ് നൽകിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയുടെ മൊഴി പുറത്ത്. വിദ്യാർത്ഥിയുടെ അമ്മ ഹാൾടിക്കറ്റിന് അപേക്ഷിക്കാൻ 1850 രൂപ നൽകിയിരുന്നു. എന്നാൽ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ മറന്നുപോയെന്നാണ് ഗ്രീഷ്മ നല്‍കിയ മൊഴി. പിന്നീട് വിദ്യാര്‍ത്ഥി പലവട്ടം ചോദിച്ചപ്പോഴാണ് വ്യാജ ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയത്.
ഗൂഗിൾ സെർച്ച് ചെയ്ത് പത്തനംതിട്ടയിലെ ഒരു കോളേജ് വിലാസം ഹാള്‍ ടിക്കറ്റിൽ വച്ചെന്നും ഗ്രീഷ്മ മൊഴി നല്‍കി. പത്തനംതിട്ട ആയതിനാൽ പരീക്ഷയെഴുതാൻ പോകില്ലെന്നും കരുതി. ഹാൾടിക്കറ്റിൽ കൃത്രിമം കാണിച്ചെങ്കിലും ബാർകോഡും സാക്ഷ്യപത്രവും തിരുത്താൻ കഴിയാതിരുന്നതോടെയാണ് വ്യാജ ഹാള്‍ ടിക്കറ്റില്‍ പിടി വീണത്. ഹാൾടിക്കറ്റിൽ മറ്റെല്ലാ ഇടങ്ങളിലും ഗ്രീഷ്മ തിരുത്തൽ വരുത്തിയിരുന്നു.
വിദ്യാർത്ഥിക്കായി വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കിയത് നെയ്യാറ്റിൻകരയിലുള്ള അക്ഷയ സെന്ററിൽ വെച്ചാണെന്ന് ഗ്രീഷ്മ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാർഡ് ഡിസ്കും കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഗ്രീഷ്മയെ അക്ഷയ സെൻ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഗ്രീഷ്മയുടെ അറസ്റ്റ് പത്തനംതിട്ടയിൽ എത്തിച്ച ശേഷം രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിൽ ആണ് വ്യാജ ഹാൾടിക്കറ്റ് മായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാർഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾടിക്കറ്റിലെ റോൾ നമ്പറിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്ത ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് പത്തനംതിട്ടയിലെ വിദ്യാർത്ഥി പരീക്ഷ എഴുതുന്നത് നിർത്തിവെപ്പിച്ചു. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരൻ ഉടൻ പോലീസിൽ പരാതി നൽകി. വ്യാജ ഹാള്‍ ടിക്കറ്റമായി വന്ന വിദ്യാർത്ഥിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യം ചെയ്യലിലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ സെൻറർ ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് നൽകിയതെന്ന ഇവർ മൊഴി നൽകിയത്.



