Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് അരലക്ഷം കേന്ദ്രസഹായം കിട്ടുമെന്ന് വ്യാജ സന്ദേശം, കാട്ടാക്കടയിൽ വിഡ്ഢികളായത് നൂറ് കണക്കിന് ആളുകൾ

കേന്ദ്രസർക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ല, അതിജീവിക സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണെന്നും അരലക്ഷം സഹായം കിട്ടില്ലെന്നുമെല്ലാം വരുന്നവരെ ബോധവൽക്കരിക്കുന്ന തിരക്കിലാണ് ഇപ്പോൾ താലൂക്ക് ഓഫീസിലെ ജീവനക്കാരും പൊലീസും

fake news people sends application to kerala government for 50000rs
Author
Thiruvananthapuram, First Published Jan 31, 2020, 10:33 PM IST

തിരുവനന്തപുരം: ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നൽകാൻ കാട്ടാക്കടയിൽ നാട്ടുകാരുടെ തിരക്ക്. കുട്ടികൾക്ക് കേന്ദ്ര സർക്കാർ 50,000 രൂപ ധനസഹായം നൽകുന്നു എന്ന വ്യാജ വിവരത്തെ തുടർന്നാണ് ആളുകൾ താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും തിക്കിത്തിരക്കിയത്. 

അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പം. സംസ്ഥാന വനിതാശിശുവികസന വകുപ്പ് ദുരിതത്തിൽ കഴിയുന്ന സ്ത്രീകൾക്കായി ആവിഷ്കരിച്ച പദ്ധതിയാണിത്. എന്നാൽ കേന്ദ്ര സർക്കാർ കുട്ടികൾക്ക് നൽകുന്ന ധനസഹായമാണിതെന്നാണ് പ്രചരിച്ച വ്യാജവിവരം. 

അപേക്ഷിക്കുന്ന എല്ലാവർക്കും 50,000 രൂപ വീതം ലഭിക്കുമെന്നാണ് ഇവർ അറിഞ്ഞത്. കേട്ടപാതി  കേൾക്കാത്ത പാതി എല്ലാവരും അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്കോടി.  അപേക്ഷ  വനിതാശിശുവികസന വകുപ്പിലേക്ക് അയക്കാനായി പോസ്റ്റ് ഓഫീസിലും തിക്കും തിരക്കും അനുഭവപ്പെട്ടു. അയൽപക്കക്കാരും ബന്ധുക്കളുമൊക്കെയായി പരസ്പരം പറഞ്ഞുകേട്ട അറിവു മാത്രമേ എല്ലാവർക്കും ഉണ്ടായിരുന്നുള്ളൂ.

കേന്ദ്രസർക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ല, അതിജീവിക സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണെന്നും അരലക്ഷം സഹായം കിട്ടില്ലെന്നുമെല്ലാം വരുന്നവരെ ബോധവൽക്കരിക്കുന്ന തിരക്കിലാണ് ഇപ്പോൾ താലൂക്ക് ഓഫീസിലെ ജീവനക്കാരും പൊലീസും. എന്നാൽ പലരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല. 

കഴിഞ്ഞ ഡിസംബർ 31ന് അപേക്ഷ കാലാവധി അവസാനിച്ച പദ്ധതിയാണ് അതിജീവിക എന്നും ഇപ്പോൾ ഇത്തരത്തിൽ ഒരു അപേക്ഷയും ക്ഷണിച്ചിട്ടില്ലെന്നും വനിതാശിശുക്ഷേമവകുപ്പ് വിശദീകരിച്ചു. എന്തായാലും രണ്ട് ദിവസം കൊണ്ട് കാട്ടാക്കടയിൽ നിന്നും ഇങ്ങനെ ഇല്ലാത്ത പദ്ധതിക്ക് അപേക്ഷിച്ചത് 3000 അധികം പേരാണ്.

Follow Us:
Download App:
  • android
  • ios