കാലിഫോർണിയ പബ്ലിക്ക് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് വെറും ഒരു ലക്ഷം രൂപ. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടേതാണെങ്കിൽ തുക കൂടും, രണ്ട് ലക്ഷം കൊടുക്കണം. ഈ പേരും സർവ്വകലാശാലയും എല്ലാം വ്യാജനാണെന്ന് മാത്രം.
കൊച്ചി: പണം കൊടുത്താല്‍ ഒരു യോഗ്യതയും ആവശ്യമില്ലാതെ വിദേശ സര്‍വ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് സംഘടിപ്പിച്ചു നല്‍കുന്ന ഏജന്‍സികൾ കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു. ഇടനിലക്കാര്‍ വഴിയാണ് ഇടപാടുകള്‍. ദില്ലി കേന്ദ്രീകരിച്ചുള്ള സ്ഥാപനങ്ങളാണ് ഇത്തരം ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകൾ നല്‍കുന്നത്.
കയ്യിൽ പണമുണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മേഖലയിൽ പത്ത് ദിവസത്തിനുള്ളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കാം. കിട്ടുന്നത് അംഗീകാരമില്ലാത്ത ഡോക്ടറേറ്റാണെന്ന് മാത്രം. കൊച്ചിയിലെ ചില സ്വകാര്യസ്ഥാപനങ്ങളിൽ നിന്നാണ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഇബിസ് എന്ന ഏജൻസിയെ കുറിച്ച് വിവരം ലഭിക്കുന്നത്. സ്ഥാപനത്തിന്‍റെ സിഇഒ ജിതേന്ദ്ര ചൗളയെ ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടു. കാലിഫോർണിയ പബ്ലിക്ക് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് വെറും ഒരു ലക്ഷം രൂപ മാത്രം. ബ്രിട്ടീഷ് യൂണിവേഴ്സിറ്റിയുടേതാണെങ്കിൽ തുക കൂടും, രണ്ട് ലക്ഷം കൊടുക്കണം.
താത്പര്യമുണ്ടെന്ന് അറിയിച്ചതോടെ അപേക്ഷ ഫോം പൂരിപ്പിച്ചയക്കാനും പണം ഇടേണ്ട അക്കൗണ്ട് നമ്പറും അയച്ചു തന്നു. ഏജൻസി നൽകുന്ന പിഎച്ച്ഡി ബിരുദങ്ങളുടെ ഒരു നീണ്ട പട്ടികയും. ഇതിൽ നിന്ന് വേണ്ടതൊക്കെ തെരഞ്ഞെടുക്കാം. കൂടാതെ ഡോക്ടറേറ്റ് ലഭിക്കുമ്പോൾ ഹിന്ദി ചാനലുകളിലും പത്രങ്ങളിലും വാർത്ത നൽകാമെന്നും വാഗ്ദാനം.
വ്യാജ മേൽവിലാസവും വെബ്സൈറ്റുകളും ഉണ്ടാക്കിയാണ് ഇത്തരം സംഘത്തിന്‍റെ പ്രവർത്തനം. ഉയര്‍ന്ന ജോലിക്കോ പൊങ്ങച്ചത്തിനോ ചുളുവില്‍ ഡോക്ടറേറ്റ് ബിരുദം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഞങ്ങളോട് സംസാരിച്ച ഏജന്‍റ് പറഞ്ഞ കാലിഫോർണിയ പബ്ലിക്ക് യൂണിവേഴ്സിറ്റിയെന്ന സ്ഥാപനം പോലും അമേരിക്കയിലില്ല.
കേരളത്തിൽ ഇത്തരം ഏജൻസികളിലൂടെ വ്യാജ സർട്ടിഫിക്കറ്റുകൾ അധ്യാപകരടക്കമുള്ള ഒട്ടനവധി പേർ സ്വന്തമാക്കിയിട്ടുണ്ട്. പണം കൊടുത്ത് വാങ്ങിയ വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് തൊഴിലും പദവിയും നേടിയവരും നിരവധിയാണ്.
