മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു, എസ്ഐക്കെതിരെ സിഐ എടുത്തത് കള്ളക്കേസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്
രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.

തൃശൂർ: തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്‍ ആമോദിനെതിരെ എടുത്തത് കള്ളക്കേസെന്ന് തൃശൂര്‍ എസിപി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. രക്ത പരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് എസ്ഐയ്ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസ് പിൻവലിക്കാനുള്ള നീക്കം ആരംഭിച്ചെങ്കിലും ആമോദിന്റെ സസ്പൻഷൻ പിൻവലിച്ചിട്ടില്ല. രക്തപരിശോധനാഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കള്ളക്കേസ് പിൻവലിക്കാനുള്ള നീക്കമുണ്ടാവാത്തതിൽ തൃശൂർ സിറ്റി പൊലീസിനെ തിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് തൃശൂർ എ സി പി കോടതിയിൽ റിപ്പോർട്ട് നൽകിയത്.
കഴിഞ്ഞ ജൂണ്‍ മുപ്പതിനായിരുന്നു ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം നടന്നത്. അവധി ദിവസം വീട്ടില്‍ നിന്ന് സാധനങ്ങള് വാങ്ങാനിറങ്ങിയ ആമോദിനെ നെടുപുഴ സിഐ ടി.ജി. ദിലീപ് പിടികൂടുകയായിരുന്നു. തൊട്ടടുത്ത മരക്കന്പനിയിയില്‍ നിന്ന് കണ്ടെത്തിയ പാതി ഒഴിഞ്ഞ മദ്യക്കുപ്പി ആമോദിന്‍റേതാണെന്നും വാദിച്ചു. പൊതു സ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തു. പിന്നാലെ ആമോദിനെ സസ്പന്‍റ് ചെയ്തു..കേസ് കള്ളക്കേസെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും പരിഗണിച്ചില്ല. കേസുമായി മുന്നോട്ട് പോകുന്നതിൽ നിയമോപദേശം തേടി.
കള്ളക്കേസാണെന്നും കോടതിയിൽ നിൽക്കില്ലെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ ഉപദേശം.പിന്നാലെ ആമോദിന്റെ രക്തപരിശോധനാഫലം വരികയും ചെയ്തു. മറ്റു വഴികളില്ലാതായപ്പോഴാണ് കേസ് പിൻവലിക്കുന്നതിനുള്ള നടപടികളാരംഭിച്ചത്. എന്നാൽ കള്ളക്കേസെടുത്ത സി ഐക്കെതിരെ ഇതുവരെയും നടപടിയെടുത്തിട്ടില്ല. സസ്പൻഷൻ പിൻവലിക്കണമെന്ന ആമോദിന്റെ കുടുംബത്തിന്റെ ആവശ്യത്തിയും തീരുമാനമെടുത്തിട്ടില്ല.