Asianet News MalayalamAsianet News Malayalam

പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്ന് വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബ കോടതി

പിതാവില്‍ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. 

Family court says daughter who married love is not entitled to wedding expenses from father
Author
First Published Dec 30, 2022, 10:04 AM IST


ഇരിങ്ങാലക്കുട:  പ്രണയ വിവാഹിതയായ മകള്‍ക്ക് പിതാവില്‍ നിന്നുള്ള വിവാഹ ചെലവിന് അര്‍ഹതയില്ലെന്ന് ഇരിങ്ങാല കുടുംബക്കോടതിയുടെ ഉത്തരവ്. പിതാവ് വിവാഹ ചെലവോ മറ്റ് ചെലവുകള്‍ക്കുള്ള പണമോ നല്‍കുന്നില്ലെന്ന് കാണിച്ച് മകള്‍ നല്‍കിയ കേസിലാണ് കുടുംബ കോടതിയുടെ ഉത്തരവ്. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്‍റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാറിന്‍റെ വിധി. 

പിതാവില്‍ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. 2010 മുതല്‍ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കുന്നില്ലെന്നും മകള്‍ ആരോപിച്ചു. പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരത കാണിക്കുകയാണെന്നും മകള്‍ പരാതിയില്‍ ആരോപിച്ചു. എന്നാല്‍, നിവേദിത ഉന്നയിച്ച് ആരോപണങ്ങള്‍ തെറ്റാണെന്നും 2013 ഡിസംബര്‍ വരെ മകള്‍ക്ക് ചെലവിന് നല്‍കിയിരുന്നെന്നും മകളെ ബി ഡി എസ് വരെ പഠിപ്പിച്ചെന്നും ശെല്‍വദാസ് കോടതിയെ അറിയിച്ചു. മാത്രമല്ല, മകളുടേത് പ്രണയ വിവാഹമായിരുന്നെന്നും വിവാഹം പിതാവനായ തന്നെ അറിയിച്ചിരുന്നില്ലെന്നും ശെല്‍വദാസ് കോടതിയെ അറിയിച്ചു. 

തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകള്‍ക്ക് വിവാഹ ചെലവ് നല്‍ക്കാന്‍ കഴിയില്ലെന്നും അതിന് അര്‍ഹതയില്ലെന്നും പിതാവ് കോടതിയില്‍ വാദിച്ചു. തുടര്‍ന്ന് തെളിവുകള്‍ പിരിശോധിച്ച കോടതി പിതാവിന്‍റെ വാദം അംഗീകരിക്കുകയും മകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളുകയുമായിരുന്നു. പ്രണയ വിവാഹം കഴിച്ച മകള്‍ക്ക് പിതാവില്‍ നിന്നും വിവാഹ ചെലവോ മറ്റ് ചെലവുകളോ ലഭിക്കുന്നതിന് അര്‍ഹതയില്ലെന്നും വിധിച്ച് കുടുംബ കോടതി ജഡ്ദി ഡി. സുരേഷ് കുമാര്‍ ഉത്തരവിട്ടു. ശെല്‍വദാസിന് വേണ്ടി അഡ്വക്കേറ്റുമാരായ പി വി ഗോപകുമാര്‍ മാമ്പുഴ, കെ എം അബ്ദുള്‍ ഷൂക്കൂര്‍ എന്നിവര്‍ ഹാജരായി. 
 

Follow Us:
Download App:
  • android
  • ios