തിരുവനന്തപുരം: രേഖകള്‍ സംബന്ധിച്ച് ഇഡിയും ബിനീഷിന്‍റെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കം. രേഖകളിൽ ചിലത്  ഇഡി കൊണ്ടുവന്നതാണെന്നും റെയ്‍ഡില്‍ കണ്ടെത്തിയത് അല്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. രേഖകള്‍ ഇഡി കൊണ്ടുവന്നതിനാല്‍ ഒപ്പിടില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്. ആവശ്യമെങ്കില്‍ നിയമസഹായം തേടുമെന്നും കുടുംബം ഇഡിയെ അറിയിച്ചു. ബിനീഷിന്‍റെ വീടുകളിലും ബിസിനസ് പങ്കാളികളുടെ സ്ഥാപനങ്ങളിലുമടക്കം കേരളത്തിലെ ഏഴിടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. ബിനീഷിനെ ആദ്യം ഇഡി വിളിപ്പച്ചപ്പോൾ തന്നെ മരുതൻകുഴിയിലെ വീട്ടില്‍ നിന്നും  കോടിയേരി പാർട്ടി ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. അറസ്റ്റിന് പിന്നാലെ ബിനീഷിന്‍റെ കുടുംബവും മാറി. ഇഡി എത്തിയതിന് പിന്നാലെ ബിനീഷിന്‍റെ ഭാര്യയും ബന്ധുക്കളും മരുതൻകുഴിയിലെ വീട്ടിലെത്തി. അഭിഭാഷകൻ മുരുക്കുമ്പുഴ വിജയകുമാർ ബിനീഷിൻ്റെ വീട്ടിലെത്തി. തലസ്ഥാനത്തെ സിപിഎം പ്രവർത്തകരുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് വിജയകുമാര്‍.

ബിനീഷിന്‍റെ സുഹൃത്തായ അൽ ജാസം അബ്ദുൾ ജാഫറിന്‍റെ വീട്ടിലാണ് മറ്റൊരു പരിശോധന. ബിനീഷിന്‍റെ ആഡംബരകാറുകള്‍ ജാഫറാണ് സൂക്ഷിക്കുന്നതെന്നാണ് ഇഡിയുടെ വിശദീകരണം. ബിനീഷിനൊപ്പം ശംഖുമുഖത്തെ ഓ‌ൾഡ് കോഫീ ഹൗസിലെ പാർട്ണറായ ആനന്ദ് പത്മനാഭനിൽ നിന്നും ഇഡി വിവരങ്ങൾ തേടും. അതേസമയം ആനന്ദിന് ബിനീഷുമായി ബിസിനസ് പങ്കാളിത്തമുണ്ടെന്ന് അച്ഛൻ പത്മനാഭൻ വ്യക്തമാക്കി. ബിനീഷിന്‍റെ കൂടുതൽ സുഹൃത്തുക്കളിലേക്കു വ്യവസായികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം. 2012 മുതൽ 2019വരെയുള്ള കാലയളവിൽ ബിനീഷ് നേരിട്ടും ബിനാമികൾ വഴിയും നടത്തിയ കോടികളുടെ ഇടപാടുകൾ ഇഡി കണ്ടെത്തിയിരുന്നു.