തൃശ്ശൂര്‍: ഇരിങ്ങാലക്കുട ആനീസ് വധക്കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് കൊല്ലപ്പെട്ട ആനീസിന്‍റെ കുടുംബം. കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയായിട്ടും പ്രതിയെ പിടികൂടാത്തതിൽ  കുടുംബവും നാട്ടുകാരും പ്രതിഷേധ ധർണ്ണ നടത്തി. കഴി‍ഞ്ഞ വർഷം നവംബർ 14 നാണ് ആനീസ് കൊല്ലപ്പെട്ടത്. ആനീസിന്‍റെ  മക്കളായ ധന്യ സ്മിത സീമ എന്നിവരും നാട്ടുകാരും ചേർന്നാണ് ഇരിങ്ങാലക്കുട ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. സംഭവം നടന്ന് ഒരു കൊല്ലം കഴി‍ഞ്ഞിട്ടും കേസിൽ തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇത് നീതി  നിഷേധിക്കലാണെന്ന് ആരോപിച്ചായിരുന്നു ധർണ്ണ.

കഴുത്തറത്ത് കൊലപ്പെട് നിലയിലായിരുന്നു മൃതദേഹം. ചില വളകൾ മോഷണം പോയെങ്കിലും അലമാരയിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല. കൊലപാതകം നടന്ന വീട്ടിൽ ക്യാംപ് ചെയ്‍ത പ്രത്യേക അന്വേഷണ സംഘം ഇരിങ്ങാലക്കുടയിലേയും പരിസരത്തെയും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. 10 ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. രണ്ടായിരത്തിലധികം പേരെ ചോദ്യം ചെയ്തുവെങ്കിലും ഫലം കണ്ടില്ല. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റാനാണ് കുടുംബത്തിന്‍റെ തീരുമാനം.