ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്‍റെ മരണം സംബന്ധിച്ച നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയമിക്കണം. ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരി ഉൾപ്പടെയുള്ളവർക്ക് മഹേശനെതിരായുള്ള ഗൂഢാലോചനയിൽ പങ്കുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാൻവേണ്ടി അറസ്റ്റ് ഭയന്നാണ് ആത്മഹത്യ എന്ന് പ്രചരിപ്പിക്കുന്നു. നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ട്. മാരാരിക്കുളം പൊലീസിന്‍റെ ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. ആത്മഹത്യകുറിപ്പിൽ വെള്ളാപ്പള്ളിയുടെയും സഹായി അശോകന്‍റെയും പേര് ഉണ്ടായിട്ടും അവരുടെ മൊഴിയെടുക്കാൻ പോലും തയ്യാറായിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു. 

കഴിഞ്ഞ ദിവസം എസ്എന്‍ഡിപി ഓഫീസിലാണ് കെകെ മഹേശനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേശന്‍റെ ആത്മഹത്യാകുറിപ്പിന് പുറമെ ഫോൺ കോളുകളും കത്തുകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. യൂണിയൻ ഭാരവാഹികളുടേയും ഭാര്യയുടേയും  ബന്ധുക്കളുടേയും മൊഴിയെടുത്തു. എന്നാൽ കണിച്ചുകുളങ്ങര യൂണിയനിലെ പ്രശ്നങ്ങളും മൈക്രോഫിനാൻസ് കേസിലെ ചോദ്യം ചെയ്യലിലുണ്ടായ മനോവിഷമവും മാത്രമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. ആരോപണവിധേയരുടെ മൊഴി പോലും എടുക്കാതെ മെല്ലെപ്പോക്കിലാണ് മാരാരിക്കുളം പൊലീസ്. അതേ സമയം മഹേശന്‍റെ മരണം ഉയർത്തുന്ന വിവാദങ്ങളിൽ എസ്എന്‍ഡിപി യൂണിയനുകളിലും ശാഖാ യോഗങ്ങളിലും അമർഷം പുകയുകയാണ്. കുടുംബത്തിന്‍റെ ആരോപണങ്ങളിൽ മറുപടി പറയും മുൻപ് കീഴ്ഘടകങ്ങളിൽ വരെ കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം.