ജയില്‍വാസ സമയത്ത് ഏറെ പുസ്തകങ്ങള്‍ വായിച്ചു. ജയില്‍ ദിന ആഘോഷ പരിപാടിയില്‍ സജീവമായി പങ്കെടുത്തെന്നും പാട്ടുപാടിയെന്നും കമറുദ്ദീൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ കുടുക്കാൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ എം സി കമറുദ്ദീൻ. 93 ദിവസം തടവില്‍ കഴിഞ്ഞ അനുഭവങ്ങളും കമറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെച്ചു. നമ്മുടെ ചിഹ്നം സൈക്കിൾ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയില്‍വാസ സമയത്ത് ഏറെ പുസ്തകങ്ങള്‍ വായിച്ചു. ജയില്‍ ദിന ആഘോഷ പരിപാടിയില്‍ സജീവമായി പങ്കെടുത്തെന്നും പാട്ടുപാടിയെന്നും കമറുദ്ദീൻ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുറ്റവാളികളുമായി സംസാരിച്ചത് ഏറെ വേദനാജനമായ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് നേതൃത്വം ഒപ്പം നിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുകളും ജയില്‍വാസവും കൊണ്ട് തകര്‍ക്കാന്‍ കഴിയില്ലെന്നും രാഷ്ട്രീയത്തില്‍ സജീവമായി തുടരുമെന്നും എം സി കമറുദ്ദീൻ പറഞ്ഞു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട മുഴുവൻ കേസുകളിലും കോടതിയിൽ നിന്നും ജാമ്യം നേടിയതോടെയാണ് കമറുദ്ദീൻ്റെ ജയിൽ മോചനം സാധ്യമായത്. 93 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡില്‍ കഴിഞ്ഞ ശേഷമാണ് എംഎൽഎ പുറത്തിറങ്ങിയത്. 

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.