ഇടുക്കി: വണ്ടിപ്പെരിയാറിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്വദേശിയായ 38കാരനാണ് പിടിയിലായത്. അമ്മയുടെ പരാതിയിൽ ചൈൽഡ്‍ലൈനിന്‍റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റ്. മുപ്പത്തെട്ടുകാരനായ പിതാവ് കഴിഞ്ഞ ഒരുമാസമായി 12 വയസുള്ള മകളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ലോക്ഡൗൺ തുടങ്ങി സ്കൂളിൽ പോകാതെ പെൺകുട്ടി വീട്ടിലിരുന്ന് തുടങ്ങിയത് മുതൽ പിതാവ് പീഡനത്തിന് മുതിർന്നിരുന്നു. എന്നാൽ കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നതിനാൽ ഇതിന് സാധിച്ചില്ല. കഴിഞ്ഞ ഒരു മാസമായി അമ്മ ജോലിയ്ക്ക് പോകാൻ തുടങ്ങിയപ്പോൾ മുതൽ ശാരീരിക പീഡനം തുടങ്ങി.

മരപ്പണിക്കാരനായ പിതാവ് ജോലിയ്ക്കെന്ന വ്യാജേന രാവിലെ വീട്ടിൽ നിന്നിറങ്ങി പിന്നീട് തിരികെയെത്തിയായിരുന്നു പീഡനം. ഭയം നിമിത്തം പെൺകുട്ടി ഇക്കാര്യം അമ്മയെ അറിയിച്ചില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടർന്ന് അമ്മ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനിൽ നിന്നുള്ള നിർദ്ദേശപ്രകാരം വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.