ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് തമിഴ്‍നാട് സർക്കാർ ശുപാർശ. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ നടപടി. കേസ് സിബിഐക്ക് കൈമാറിയുള്ള ഉത്തരവ് ഉടന്‍  പുറപ്പെടുവിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിലെ പ്രതിഷേധം രാഷ്രീയമായി അണ്ണാഡിഎംകെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് നടപടി. കോട്ടൂര്‍പുരം പൊലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ നവംബര്‍ 14 നാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

എന്നാല്‍ അന്വേഷണം ഒരു മാസം പിന്നിട്ടിട്ടും ഫാത്തിമയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ വ്യക്തമായ തെളിവ് ലഭിച്ചില്ല.  സഹപാഠികളെ ഉള്‍പ്പടെ ചോദ്യം ചെയ്തെങ്കിലും ആരോപണ വിധേയരായ അധ്യാപകര്‍ക്ക് എതിരെ മൊഴി ലഭിച്ചില്ലെന്നായിരുന്നു പൊലീസ് നിലപാട്. കുറ്റകാര്‍ക്ക് എതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ വീണ്ടും തെരുവിലിറങ്ങിയിരുന്നു. ഗൗരവമായ സംഭവത്തില്‍ ഉന്നതതല പരിശോധനയ്ക്ക് സര്‍ക്കാര്‍ മടിക്കുന്നത് എന്തിനെന്ന സംശയം മദ്രാസ് ഹൈക്കോടതി ഉന്നയിച്ചിരുന്നു. മദ്രാസ് ഐഐടി സന്ദര്‍ശിച്ച ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഐഐടിയിലെ മരണങ്ങളില്‍ കേന്ദ്രഏജന്‍സിയുടെ പരിശോധന വേണമെന്നാണ്  ആവശ്യപ്പെട്ടത്. 

ഈ പശ്ചാത്തലത്തിലാണ് സിബിഐക്ക് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് സംഘം സ്ഥരീകരിച്ചിരുന്നു. ഫാത്തിമയുടെ ലാപ്ടോപ്പും ടാബും സൈബര്‍ വിദഗ്ധര്‍ പരിശോധിക്കുകയാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥനെന്ന് പേരെടുത്ത ഈശ്വരമൂര്‍ത്തി ഐപിഎസ്സിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് , കേസ് അന്വേഷണം പാതി വഴിയില്‍ നിര്‍ത്തുന്നത്. സിബിഐ അന്വേഷത്തില്‍ എങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമയുടെ കുടുംബം.