ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ മൂന്ന് അധ്യാപകർക്ക് സമൻസ്. ഫാത്തിമയുടെ മരണത്തില്‍ അരോപണവിധേയനായ സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. മൂവരോടും വൈകുന്നേരത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

അതിനിടെ, ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഐഐടിയിൽ സാംസ്കാരിക കൂട്ടായ്മയായ ചിന്താ ബാറിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം വിദ്യാർത്ഥികൾ നിരാഹാര സമരം തുടങ്ങി. രണ്ട് മലയാളി വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ ജോസഫ്, അസര്‍ മൊയ്തീന്‍ എന്നവരാണ് അനിശ്ചിത കാല നിരാഹാര സമരം നടത്തുന്നത്. പ്രധാന കവാടത്തിന് മുന്നിലാണ് നിരാഹാര സമരം.

സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ചിന്താ ബാര്‍ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ രാവിലെ അധികൃതര്‍ക്ക് മുന്നില്‍ ആവശ്യം മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍, ഒമ്പതു മണിയോടെ വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യ കാര്യങ്ങളില്‍ പുറത്തെ ഏജന്‍സിയെ ഇടപെടുത്താമെന്ന് പരാമര്‍ശിച്ച് ഡീന്‍ ഒരു കത്ത് നല്‍കിയതല്ലാതെ അനുകൂല പ്രതികരണങ്ങളൊന്നുമുണ്ടായില്ല. ആ സാഹചര്യത്തിലാണ് നിരാഹാരം തുടങ്ങിയത്.