Asianet News MalayalamAsianet News Malayalam

കൊവിഡ് രണ്ടാം തരംഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആയുഷ് വിഭാഗങ്ങളും

പൊതുജനങ്ങളുടെ പൊതുവേയുള്ള പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കൊവിഡ് മുക്തരായവര്‍ക്കും ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുര്‍വേദ ചികിത്സ ആയുഷ് വകുപ്പ് മുഖേന നല്‍കുന്നതാണ്. 

Fight COVID With Ayurveda ayush units to strengthen resistance in kerala
Author
Thiruvananthapuram, First Published Apr 19, 2021, 7:49 PM IST

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ആയുഷ് വകുപ്പ് തീരുമാനിച്ചു. ആയുഷ് മേഖലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതുജനങ്ങളുടെ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. 

പൊതുജനങ്ങളുടെ പൊതുവേയുള്ള പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം കൊവിഡ് മുക്തരായവര്‍ക്കും ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുര്‍വേദ ചികിത്സ ആയുഷ് വകുപ്പ് മുഖേന നല്‍കുന്നതാണ്. ആയുര്‍വേദ വകുപ്പ് മുഖാന്തരം സ്വാസ്ഥ്യം, സുഖായുഷ്യം, ക്വാറന്റൈനിലുള്ളവര്‍ക്ക് അമൃതം, കൊവിഡാനന്തര ചികിത്സാ പദ്ധതിയായ പുനര്‍ജനി, ഭേഷജം പദ്ധതികള്‍ കേരളത്തിലുടനീളമുള്ള സര്‍ക്കാര്‍ ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ വഴി നടപ്പിലാക്കി വരുന്നു. 

കേരളത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളില്‍ നിന്നും, മറ്റ് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളില്‍ നിന്നും കോവിഡ് മുക്തര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സ്‌പെഷ്യാലിറ്റി ചികിത്സയും ലഭ്യമാക്കിയിട്ടുണ്ട്. ഹോമിയോപ്പതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങളില്‍ നിന്നും ഹോമിയോ പ്രതിരോധ ഔഷധങ്ങളും കൊവിഡ് മുക്തര്‍ക്കുള്ള മരുന്നുകളും ലഭ്യമാണ്. 

സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളും ഡിസ്‌പെന്‍സറികളും ഹോമിയോ കോളേജുകള്‍ വഴിയും ഈ മരുന്നുകള്‍ പൊതുജനത്തിന് വിതരണം ചെയ്തുവരുന്നു. ആയുഷ് വകുപ്പ് ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രതിരോധത്തിന് 'സേവ് കാമ്പയിന്‍' നടത്തുവാന്‍ തീരുമാനിച്ചു. എസ്.എം.എസ്., ആയുഷ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കല്‍, എക്‌സര്‍സൈസ് എന്നീ വ്യത്യസ്ത ഇടപെടലുകള്‍ ചേര്‍ന്നതാണ് 'സേവ് കാമ്പയിന്‍'.

ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, വിവിധ ആയുഷ് വകുപ്പ് തലവന്‍മാര്‍, ആയുഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍, സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍, സൂപ്രണ്ടുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios