Asianet News MalayalamAsianet News Malayalam

മരട് ഫ്ളാറ്റ് പൊളിച്ചുമാറ്റല്‍: പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇന്നറിയാം

മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹര്‍ജിയിലെ സുപ്രീംകോടതി തീരുമാനം ഇന്നറിയാം

Final supreme court decision to come in review plea against marad flat
Author
Kerala, First Published Jul 11, 2019, 7:11 AM IST

ദില്ലി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകൾ നൽകിയ ഹര്‍ജിയിലെ സുപ്രീംകോടതി തീരുമാനം ഇന്നറിയാം. പുനഃപരിശോധന ഹര്‍ജി ഇന്നലെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ചേംബറിൽ പരിഗണിച്ചിരുന്നു. 

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്നായിരുന്നു കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്. ഉത്തരവിനെതിരെ വീണ്ടും കോടതിയിലെത്തിയതിന് ഹര്‍ജിക്കാരെയും അവര്‍ക്ക് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകരെയും ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശിച്ചിരുന്നു.

ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജിയും കോടതി തള്ളിയിരുന്നു. അന്ന് ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരോട് ജസ്റ്റിസ് അരുൺ മിശ്ര പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നതടക്കം രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മിശ്ര ഉന്നയിച്ചത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാമെന്ന് പറഞ്ഞ അരുൺ മിശ്ര കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

പരിഗണിക്കാൻ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് ധാർമ്മികതയ്ക്ക് നിരക്കാത്ത നടപടിയാണെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നു ചോദിച്ച കോടതി ഇവർക്ക് പണം മാത്രം മതിയോ എന്നും ചോദിച്ചു.  ഇത് ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നൽകിയായിരുന്നു കോടതി തീരുമാനം വ്യക്തമാക്കിയത്. 

മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ അന്ന് ഉത്തരവിറക്കിയത്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.

Follow Us:
Download App:
  • android
  • ios