അടിമാലി മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കി: അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ. പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലിൽ വീട് തകർന്നവരുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. കെഎസ്ഇബി ക്വാർട്ടേഴ്സിലേക്ക് തൽക്കാലം മാറ്റാനാണ് ആലോചിക്കുന്നത്. മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോ​ഗത്തിനുശേഷമായിരിക്കും അറിയിക്കുന്നത്. റോഡ് നിർമാണത്തിൽ അപകടസാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്താൻ പരിശോധന നടത്തും. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടാകും പരിശോധന നടത്തുന്നത്. റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂമ്പൻപാറയിൽ ഒഴിവായത് വൻ ദുരന്തം

അടിമാലി കൂമ്പൻപാറയിൽ ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഏതാണ്ട് പന്ത്രണ്ട് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞു വീണിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ആറ് വീടുകൾ പൂർണമായും തകർന്നു. അപകടാവസ്ഥ മുൻനിർത്തി 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയദുരന്തം ഒഴിവായത്. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. റവന്യു അധികൃതരുടെ കർശന നിർദേശത്തെത്തുടർന്നാണ് ലക്ഷം വീട് ഉന്നതിയിലെ കുടുംബങ്ങളെ സമീപത്തെ സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി മുൻകരുതൽ നടപടി സ്വീകരിച്ചത്. രേഖകളെടുക്കാൻ വീട്ടിലെത്തിയ ദമ്പതികളായ ബിജുവും സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തെങ്കിലും ബിജുവിനെ രക്ഷിക്കാനായില്ല.

YouTube video player