ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ (Pinarayi Vijayan Government) ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് വൈകിട്ട് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനത്ത് ആറ് മണിക്ക് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലീസ് മൈതാനിയിൽ 'എന്റെ കേരളം' മെഗാ എക്സിബിഷൻ ചടങ്ങിന് ആകർഷണമേകുന്നതാകുമെന്നാണ് പ്രതീക്ഷ. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും 'എന്റെ കേരളം' പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.
ഇന്നത്തെ ഉദ്ഘാടന ചടങ്ങിന് റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുക്കും. എം പിമാരായ കെ മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.99 സീറ്റ് നേടിയാണ് കഴിഞ്ഞ വർഷം പിണറായി വിജയൻ സർക്കാർ അധികാര തുടർച്ച നേടിയത്.
മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിക്ക് എത്ര മാര്‍ക്ക്? മറുപടിയുമായി യെച്ചൂരി
https://www.asianetnews.com/kerala-news/pinarayi-vijayan-is-the-best-chief-minister-says-sitaram-yechury-r9rf1x
അതിനിടെ രണ്ടാം തവണയും ഭരണത്തിലേറിയ പിണറായി വിജയന് കേരളാ മുഖ്യമന്ത്രിയെന്ന നിലയിൽ എത്ര മാർക്കെന്ന ചോദ്യത്തിന് മറുപടിയുമായി സി പി എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി രംഗത്തെത്തി. പിണറായി മികച്ച മുഖ്യമന്ത്രിയാണെന്നും രണ്ടാം തവണയും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് കാരണമതാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇതുവരെയും ഒരു സർക്കാരും തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രമുണ്ടായിരുന്നില്ലെന്നതോർമ്മിപ്പിച്ചാണ് യെച്ചൂരി പ്രതികരിച്ചത്.
സിൽവർ ലൈൻ പദ്ധതി പാർട്ടി പിന്നീട് ചർച്ച ചെയ്യുമെന്നും സി പി എം ജനറൽ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. നിലവിൽ പദ്ധതി പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും യാഥാർത്ഥ്യമാകണമെങ്കിൽ കേന്ദ്രാനുമതി വേണമെന്നും യെച്ചൂരി വിശദീകരിച്ചു. സിൽവർ ലൈൻ പദ്ധതിയെകുറിച്ചുളള പ്രാഥമിക ചർച്ചകളാണ് നടക്കുന്നത്. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്നതിലടക്കം വ്യക്തതയായിട്ടില്ല. അതിന്മേലുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചർച്ചകളാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
ദേശീയ തലത്തിലെ വിശാല മതേതര കൂട്ടായ്മയിൽ കോൺഗ്രസുമുണ്ടാകണമെന്നും യെച്ചൂരി ആവർത്തിച്ചു. തെരഞ്ഞെടുപ്പിന് ശേഷമേ സിപിഎം ഏതെങ്കിലും സഖ്യത്തിൽ ചേരുകയുള്ളൂ. കേരളത്തിൽ നയവ്യതിയാനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിബിയിൽ ദളിത് പ്രാതിനിധ്യമില്ലെന്നത് പരിഹരിക്കാൻ ശ്രമിക്കും. പാർട്ടി സമിതികളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കും. സ്ത്രീ സംവരണത്തിലും പാർട്ടി കോൺഗ്രസിൽ തീരുമാനമുണ്ടാകും. സമിതിയിൽ ഇരുപത് ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യമുണ്ടാകണമെന്നാണ് കരുതുന്നതെന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
