ഇന്നലെയായിരുന്നു ലാബിൽ നിപ പരിശോധന തുടങ്ങിയത്. പൂണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലാബ് സജ്ജീകരിച്ചത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലബോറട്ടറിയിലെ ആദ്യ നിപ പരിശോധന ഫലം നെഗറ്റീവ്. ഇന്നലെയായിരുന്നു ലാബിൽ നിപ പരിശോധന തുടങ്ങിയത്. പൂണെ വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ലാബ് സജ്ജീകരിച്ചത്. അതേസമയം, പൂണെ ലാബിൽ പരിശോധിച്ച എട്ട് സാംപിളുകളുടെ ഫലങ്ങൾ ആരോഗ്യ മന്ത്രി എട്ട് മണിക്ക് പ്രഖ്യാപിക്കും.
ഒറ്റ ദിവസം കൊണ്ടാണ് നിപ പരിശോധനക്കാവശ്യമായ ലാബും അനുബന്ധ സജ്ജീകരണങ്ങളും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിആർഡി ലാബിൽ തയ്യാറായിയ്. പുണെ, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാങ്കേതിക സഹായങ്ങൾ കൊണ്ടാണ് കോഴിക്കോട്ട് ലാബ് സജ്ജീകരിച്ചത്. നിപയുടെ പ്രാഥമിക പരിശോധനകൾ ഇനി മുതൽ ഇവിടെ നടത്തും. അന്തിമ സ്ഥിരീകരണത്തിന് മാത്രമേ ഇനി സാംപിൾ പുണെയിലേക്ക് അയക്കേണ്ടതുളളൂ.
അതേസമയം, നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരനുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാന്റെ അമ്മ ഉൾപ്പെടെയുള്ളവർക്കാണ് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ വലിയ ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 48 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവരെ എല്ലാവരുടേയും സാംപിൾ ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജമാക്കിയ ലാബിൽ പരിശോധിക്കും. ഇൻക്യുബേഷൻ പിരീഡ് കഴിയുന്നത് വരെ എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ കിടത്തും. എട്ടുപേർക്കും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
