കോഴിക്കോട്: സംസ്ഥാനത്ത് മല്‍സ്യത്തി‍ന് തീവില. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഇതുവരെ മുന്നിരട്ടിയിലധികം വർധനയാണ് മല്‍സ്യവിലയിലുണ്ടായിരിക്കുന്നത്. വിലവിവരപട്ടിക പ്രദര്‍ശിപ്പിച്ച് മാത്രമെ വ്യാപാരം നടത്താവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും പാലിക്കാതെയാണ് സംസ്ഥാനത്ത് കൊള്ളവിലയില്‍ മല്‍സ്യവില്‍പ്പന നടക്കുന്നത്.

ലോക് ഡൗണിന് മുമ്പ് 

മത്തി 80 രൂപ, അയല 170 രൂപ, കിളിമീന്‍ 90 രൂപ, സൂത 110 രൂപ, സ്രാവ് 300 രൂപ, ചെമ്മീന്‍ 200 രൂപ, ആവോലി 400 രൂപ, അയ്ക്കൂറ 480 രൂപ

അഞ്ച് ദിവസം മുമ്പ്

മത്തി 200 രൂപ, അയല 260 രൂപ, കിളിമീന്‍ 280 രൂപ, സൂത 200 രൂപ, സ്രാവ് 460 രൂപ, ചെമ്മീന്‍ 300 രൂപ, ആവോലി 500 രൂപ, അയ്ക്കൂറ 600 രൂപ

ഇന്നലത്തെ വില

മത്തി 300-350രൂപ, അയല 400-450 രൂപ, കിളിമീന്‍ 450-500 രൂപ, സൂത 400-450 രൂപ, സ്രാവ് 500 രൂപ, ചെമ്മീന്‍ 400 രൂപ, ആവോലി 800 രൂപ, അയ്ക്കൂറ 900 രൂപ

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കോഴിക്കോട് ജില്ലയിലെ മല്‍സ്യമാർക്കറ്റുകളില്‍ വിറ്റ മീനുകളുടെ വിലയാണിത്. വില മൂന്നും നാലുമിരട്ടിയായി കൂടി. സാധാരണക്കാരുടെ മല്‍സ്യമായ അയലക്കും മത്തിക്കും വരെ 200 രൂപയിലധികം വര്‍ധന. അയ്ക്കൂറക്കും ആവോലിക്കും 300 മുതല്‍ അഞ്ഞൂറ് രൂപവരയൊണ് കൂടിയത്. 

കടയില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും പലയിടത്തും പാലിക്കുന്നില്ല. ജില്ലാ ഭരണകൂടം നല്‍കിയ വിലവിവരപട്ടികയാണെങ്കില്‍ കച്ചവടക്കാർ ശ്രദ്ധിക്കുന്നുപോലുമില്ല.

സംസ്ഥാനത്തെ മിക്കയിടങ്ങളിലെയും സ്ഥിതി ഇതുതന്നെ. മല്‍സ്യത്തിന്‍റെ ലഭ്യതകുറവാണ് വിലകൂടാന്‍ കാരണമായി കച്ചവടക്കാര്‍ ചൂണ്ടികാട്ടുന്നത്. പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നവര്‍ വില വർധിക്കുന്നതാണെന്നാണ് ഇവരുടെ ആരോപണം. ഇതിന്‍റെ ശരി മല്‍സ്യത്തൊഴിലാളികള്‍ തന്നെപറയും.

ആഴകടല്‍ മത്സ്യബന്ധനം നിലവില്‍ നടക്കുന്നില്ല. എന്നിട്ടും ഉള്‍കടലില്‍ നിന്നും ലഭിക്കുന്ന മല്‍സ്യങ്ങളില്‍ പലതും വിപണിയില്‍ സുലഭംമാണെന്നത് ഇതിലും ഗൗരവമുള്ള കാര്യം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക