തിരുവനന്തപുരം: തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോര (61) ആണ് മരിച്ചത്. ശക്തമായ തിരയിലും ചുഴിയിലും പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യ ബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് സംഭവിച്ചത്. 

അപകടം നടക്കുന്ന സമയത്ത് ഏഴ് പേർ വള്ളത്തിലുണ്ടായിരുന്നു. കൂടെയുള്ളവർ അബ്രഹാം കോരയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്. തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം.

അറബിക്കടലിൽ ശക്തമായ കാലവർഷക്കാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  അറിയിച്ചിരിക്കുന്നത്.