തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പ്രദേശത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ് പ്രതിഷേധിക്കുന്നത്. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ബ്രേക്ക് വാട്ടർ നിർമ്മാണം നടക്കുന്ന പ്രദേശത്താണ് പ്രതിഷേധം നടക്കുന്നത്. വള്ളങ്ങൾ കുറുകെയിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ മത്സ്യത്തൊഴിലാലികൾ തടഞ്ഞിരിക്കുകയാണ്. 

പോർട്ടിലേക്കുള്ള റോഡും ഇവർ തടഞ്ഞിരിക്കുകയാണ്. ബ്രേക്ക് വാട്ടർ നിർമ്മാണം നടക്കുന്ന സമയത്ത് മത്സ്യബന്ധന ബോട്ടുകൾക്ക് അധിക ദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ഇതിന് പരിഹാരമായി ബോട്ടുകൾക്ക് മണ്ണെണ്ണ അധികം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇത് കിട്ടുന്നില്ലെന്നാണ് പരാതി. 2353 ബോട്ടുകൾക്ക് രണ്ട് വർഷത്തേക്ക് സൗജന്യമായി മണ്ണെണ്ണ നൽകുമെന്നായിരുന്ന വാഗ്ദാനം ഇതിനായി 23 കോടി രൂപയും നീക്കി വച്ചിരുന്നു എന്നാൽ 9 മാസമായി മണ്ണെണ്ണ കിട്ടുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളുകളുടെ പരാതി.