കണ്ണൂര്‍: കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ വൈറസ് ബാധിച്ച് മരിച്ച ഉസ്സൻകുട്ടിയുടെ ബന്ധുക്കള്‍. ഉസ്സന്‍കുട്ടിയോടൊപ്പം മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ഇവര്‍. മുംബൈയിൽ നിന്ന് 9-ാം തീയതി ട്രെയിനിലാണ് ഉസ്സന്‍കുട്ടി നാട്ടില്‍ മടങ്ങിയെത്തിയത്. പനിയും വയറിളക്കവും വന്നതോടെ കണ്ണൂ‌ർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പനി കൂടിയതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഉസ്സന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

കണ്ണൂരില്‍ ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ വിദേശത്ത് നിന്നെത്തിയവരും ആറുപേര്‍ മുംബൈയില്‍ നിന്ന് എത്തിയവരുമാണ്. അതേസമയം 21 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.  കേരളത്തില്‍ ഇന്ന് 82 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒന്‍പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.