തിരുവനന്തപുരം: കേരളത്തില്‍ മഴ കനത്തതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

അതേസമയം കേരളത്തിൽ വരുന്ന അഞ്ച് ദിവസം ഇടിയോട് കൂടിയ  കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ, കർണാടക, തമിഴ്നാട്, മാഹി എന്നിവിടങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. അടുത്ത പന്ത്രണ്ട് മണിക്കൂറിൽ രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ചത്തീസ്ഗഢ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും.

അറബിക്കടലിൽ ലക്ഷദ്വീപിലെ കവരത്തിയോട് ചേർന്ന് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്‍റെ സാന്നിധ്യത്തെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെട്ടത്. തെക്കൻ ജില്ലകളിലാണ് നിലവിൽ കനത്ത മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടത്. എന്നാൽ വരും മണിക്കൂറുകളിൽ സംസ്ഥാന വ്യാപകമായി മഴ പെയ്യും.