Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 177 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

നിരവധി ചെക്ക് പോയിന്റുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാണ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് അംഗീകാരം നൽകുന്നത്. ഒരിക്കൽ ലഭിക്കുന്ന അംഗീകാരത്തിന് മൂന്ന് വർഷമാണ് കാലാവധി.

Five government hospitals in Kerala gets National Quality assurance standard recognition
Author
First Published Sep 6, 2024, 4:24 PM IST | Last Updated Sep 6, 2024, 4:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരു ആശുപത്രിയ്ക്ക് പുതിയതായി അംഗീകാരവും മറ്റ് നാല് ആശുപത്രികള്‍ക്ക് പുനഃഅംഗീകാരവുമാണ് ലഭിച്ചത്. കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം 96 ശതമാനം സ്‌കോര്‍ നേടിയാണ് പുതിയതായി അംഗീകാരം നേടിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97 ശതമാനം സ്‌കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93 ശതമാനം സ്‌കോറും, തൃശ്ശൂര്‍ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്‌കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 ശതമാനം സ്‌കോറും നേടിയാണ് പുനഃഅംഗീകാരം നേടിയത്.  ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 81 ആശുപത്രികള്‍ പുനർഅംഗീകാരവും നേടിയെടുത്തു. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒൻപത് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 118 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്.

എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രി വികസനത്തിന് ഇത് കൂടുതല്‍ സഹായിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios